ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി

വാളയാര്‍ ചെക്‌പോസ്റ്റില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച രേഖകളില്ലാത്ത എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളുമായി രണ്ട് യുവാക്കള്‍ പിടിയില്‍. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിന്‍ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്.
ഇന്ന് രാവിലെ 9.30ഓടെയായിരുന്നു സംഭവം നടക്കുന്നത്. കോയമ്പത്തൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കള്‍. രാവിലെ വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.
പോളിത്തീന്‍ കവറുകളടക്കം 8.696 കിലോഗ്രാം ഭാരമുണ്ട് സ്വര്‍ണത്തിന്. സ്വര്‍ണം പിടിച്ചെടുത്തു സംസ്ഥാന ജിഎസ്ടി വകുപ്പിനു കൈമാറിയിരിക്കുകയാണ്.
വാളയാര്‍ എന്‍ഫോഴ്‌സ്‌മെന്റ് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.രമേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.പ്രേമാനന്ദകുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ (ഗ്രേഡ്) ബി.ജെ.ശ്രീജി, കെ.എ. മനോഹരന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എം.സജീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍, സുബിന്‍ രാജ് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തവര്‍.
https://www.facebook.com/Malayalivartha



























