ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ ഏല്‍പ്പിച്ചത് എന്തിന്? ദേവസ്വം ബോര്‍ഡിന് എന്താണ് പണി? ശബരിമല വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണം പൂശുന്നതുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ്, എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തിയെ ഏല്‍പ്പിച്ചത് എന്തിനാണെന്നും ദേവസ്വം ബോര്‍ഡിന് എന്താണ് പണിയെന്നും കോടതി ചോദിച്ചത്.
ശബരിമല ശ്രീകോവിലിന്റെ വാതില്‍, കട്ടിളപ്പാളി, ദ്വാരപാലകശില്പം എന്നിവയില്‍ സ്വര്‍ണം പൂശുന്നതിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് ചുമതലപ്പെടുത്തിയത് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചപ്പോഴാണ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചത്. ഇത്രയും പ്രധാനപ്പെട്ട കാര്യങ്ങള്‍ പുറത്തുള്ള ഒരു വ്യക്തിയെ ഏല്‍പ്പിക്കേണ്ട സാഹചര്യം എന്തായിരുന്നു എന്നതിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ബെല്ലാരിയിലെ സ്വര്‍ണ്ണ വ്യാപാരി ഗോവര്‍ധനന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ ഗോവര്‍ധനന്റെ ജാമ്യ ഹര്‍ജിയിലാണ് പ്രധാനമായും വാദം നടന്നത്.
താന്‍ ഒരു അയ്യപ്പഭക്തനാണെന്നും, കേസുമായി ബന്ധമില്ലാതെ കുടുങ്ങിയതാണെന്നും ഗോവര്‍ധനന്‍ കോടതിയെ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി 1.40 കോടി രൂപയോളം ശബരിമലയില്‍ ചെലവഴിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം വാദിച്ചു.
ശ്രീകോവിലിന്റെ വാതില്‍ 35 ലക്ഷം രൂപ മുടക്കി പണിതു നല്‍കിയതും, മുന്‍പിലെ ഭണ്ഡാരം (ഹുണ്ടിക) നിര്‍മ്മിച്ചു നല്‍കിയതും താനാണെന്ന് ഗോവര്‍ധനന്‍ ചൂണ്ടിക്കാട്ടി.
ഗോവര്‍ധനന്റെ ജാമ്യ ഹര്‍ജിയെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്‌ഐടി) ശക്തമായി എതിര്‍ത്തു. സ്വര്‍ണ്ണക്കടത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കൊപ്പം ഗോവര്‍ധനനും പ്രധാന പങ്കുണ്ടെന്ന് എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. കേസിന്റെ ഗൗരവം പരിഗണിച്ച് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha

























