വന്ദേമാതര വിവാദം: കോൺഗ്രസ്-ലീഗ് ന്യായങ്ങൾ പരിതാപകരം; ഗാന്ധിയൻ നിലപാടുകളെ വെല്ലുവിളിക്കുന്നതെന്ന് ഡിവൈഎഫ്ഐ...

വിഡി സതീശൻ മന്ത്രി സഭയുടെ സത്യപ്രതിജ്ഞ ചടങ്ങിലെ വന്ദേമാതര വിവാദത്തോടുള്ള കോൺഗ്രസ് ലീഗ് ന്യായങ്ങൾ പരിതാപകരവും ഗാന്ധിയും നെഹ്‌റുവും അടങ്ങുന്ന കോൺഗ്രസ് ദേശീയ പ്രസ്ഥാന നേതൃത്വത്തിന്റെ മതനിരപേക്ഷ നിലപാടുകളെ വെല്ലുവിളിക്കുന്നതുമാണ് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര കാലം മുതൽക്കേ തന്നെ വന്ദേമാതരവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. അന്ന് കോൺഗ്രസും രാജ്യവും അംഗീകരിച്ച വന്ദേമാതരം ഇന്നലെ സത്യപ്രതിജ്ഞ ചടങ്ങിൽ പാടിയത് പോലെയല്ല. ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച " ആനന്ദ മഠം " എന്ന നോവലിലെ ഈ ഗാനം പൂർണമായി ഏറ്റെടുക്കുക അല്ല കോൺഗ്രസ് പോലും ചെയ്തത്..
പ്രസ്തുത ഗാനത്തിൽ മതപരമായും, ഹിന്ദു ദൈവങ്ങളെയും പ്രതിപാദിക്കുന്ന ഭാഗം ഉള്ളതുകൊണ്ട് തന്നെ മതനിരപേക്ഷ ഉള്ളടക്കം പേറേണ്ട ദേശീയ ഗീതങ്ങളെ കുറിച്ച് അക്കാലത്ത് തന്നെ ഗാന്ധിജി, നെഹ്‌റു, ടാഗോർ തുടങ്ങിയ ദേശീയ നേതാക്കൾ ആലോചിക്കുകയും, ഏതെങ്കിലും മതത്തെ പ്രതിപാദിക്കുന്ന വരികൾ വേണ്ട എന്ന് തീരുമാനിക്കുകയും അങ്ങനെ ഗാനത്തിൻ്റെ രണ്ട് ശകലങ്ങൾ മാത്രം മതി എന്നും തീരുമാനിക്കുകയും, ഇത് 1937 ഒക്ടോബർ 29 -ൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം അംഗീകരിക്കുകയും ചെയ്തിരുന്നു.
1950 ജനുവരി 24-ന് നടന്ന ഭരണഘടനാ നിർമ്മാണ സഭയുടെ അവസാന സമ്മേളനത്തിലാണ് 'വന്ദേമാതരം' ഇന്ത്യയുടെ ഔദ്യോഗിക ദേശീയഗീതമായി (National Song) അംഗീകരിച്ചത്. അപ്പോഴും ഹിന്ദു ദേവ - ദേവതമാരെ പ്രകീർത്തിക്കുന്ന ആ വരികൾ ഒഴിവാക്കി ആദ്യ രണ്ട് ഖണ്ഡങ്ങൾ മാത്രമാണ് ദേശീയ ഗീതമായി അംഗീകരിച്ചത്.
എന്നാല് RSS ഇത് അന്നും ഇന്നും അംഗീകരിച്ചിട്ടില്ല. ഹിന്ദു ദൈവങ്ങളെ പ്രകീർത്തിക്കുന്ന വരികൾ കൂടി ചേർത്ത് ദേശീയ ഗീതം ആലപിക്കണമെന്നാണ് അവരുടെ നിലപാട്. ആർഎസ്‌എസ് മാത്രമാണ് ആ ഖണ്ഡങ്ങൾ ഉൾപ്പെടെയുള്ള വന്ദേമാതരം ആലപിക്കാറുമുള്ളത്.
വന്ദേമാതരത്തിന്റെ 150-ാംവാർഷിക ആഘോഷമെന്ന പേരിൽ ഇപ്പോൾ ഈ സംഘപരിവാർ താല്പര്യം അടിച്ചേൽപ്പിക്കാനാണ് ബിജെപി ഗവണ്മെന്റ് ശ്രമിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അതിനോട് ഒരു പ്രതിഷേധം പോലുമറിയിക്കാതെ അത് പോലെ കേരളത്തിലേക്ക് സ്വീകരിച്ചതും പോരാഞ്ഞ് ന്യായീകരിക്കുക കൂടിയാണ് യുഡിഎഫ് അണികൾ ചെയ്യുന്നത്. പശ്ചിമ ബംഗാളിൽ മോദിയും അമിത് ഷായും പങ്കെടുത്ത ബിജെപി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പാടാത്ത വരികൾ എങ്ങനെ കേരളത്തിൽ മാത്രം പാടാൻ അനുവദിക്കപ്പെട്ടു? സത്യപ്രതിജ്ഞ ചടങ്ങിലെ വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രം മതിയെന്ന് തീരുമാനമെടുത്ത ലോക്ഭവൻ തീരുമാനം മാറ്റിയെടുക്കാൻ മുഖ്യമന്ത്രി സതീശനും കോൺഗ്രസിനും സാധിക്കുമെങ്കിൽ മതനിരപേക്ഷ വരികൾ ഉൾകൊള്ളുന്ന വന്ദേമാതരം മാത്രമേ ആലപിക്കപ്പെടൂ എന്ന് തീരുമാനമെടുപ്പിക്കാൻ സാധിക്കില്ലേ? ചുരുങ്ങിയത് ശ്രമിക്കുകയെങ്കിലും ചെയ്തിരുന്നോ?
ഇടത് മുന്നണി സർക്കാർ ഭരണത്തിലിരുന്ന കാലത്ത് ആർഎസ്‌എസിന്റെ ഭാരംതാംബ ചിത്രമുൾപ്പെടെയുള്ള ഹിന്ദുത്വ രാഷ്ട്രീയ ചിഹ്നങ്ങൾ പടിക്ക് പുറത്ത് നിർത്തുകയും അതിന്റെ പേരിൽ ഗവർണ്ണറോടും ബിജെപിയോടും കലഹിക്കുകയും ചെയ്താണ് ഭരിച്ചിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന ആദ്യ ദിവസം തന്നെ ഹിന്ദുത്വ രാഷ്ട്രീയത്തോട് കീഴടങ്ങുന്ന കാഴ്ചയാണ് കേരളം കാണുന്നത്.
ആർഎസ്‌എസുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കളിച്ച് കേരളം പടിക്ക് പുറത്ത് നിർത്തിയ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാംസ്‌കാരിക മേൽക്കോയ്മ സൃഷ്ടിക്കാൻ അനുവദിച്ചു കൊടുക്കുകയാണ് വി.ഡി സതീശൻ സർക്കാരിന്റെ ഉദ്ദേശമെങ്കിൽ മതനിരപേക്ഷ കേരളം കൈയ്യും കെട്ടി നോക്കി നിൽക്കില്ല.
https://www.facebook.com/Malayalivartha





















