സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ

സ്ത്രീകളെ പൊതുരംഗത്തിറക്കിയാല്‍ വന്‍ നാശമെന്ന് ആവര്‍ത്തിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ഇരിക്കണം. പര്‍ദ ഏര്‍പ്പെടുത്തിയത് അതുകൊണ്ടാണ്. മുസ്ലിം സമുദായത്തെക്കുറിച്ച് പറയാന്‍ തനിക്ക് അധികാരമുണ്ടെന്നായിരുന്നു കാന്തപുരത്തിന്റെ വാക്കുകൾ. ഇതിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ .
സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ലെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഭരണഘടനയെ മാനിച്ചുകൊണ്ടാകണം ഓരോരുത്തരും തങ്ങളുടെ മതവിശ്വാസങ്ങൾ പിന്തുടരേണ്ടതെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കനുസൃതമായി നിയമപരമായാണ് നമ്മുടെ രാജ്യം മുന്നോട്ടുപോകുന്നത്. മതവിശ്വാസങ്ങൾ അനുഷ്ഠിക്കുന്നവർ ഉൾപ്പെടെ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. അതേസമയം, ലിംഗഭേദമന്യേ എല്ലാവരെയും തുല്യരായി പരിഗണിക്കുന്ന, ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ് ഇന്ത്യ.
രാജ്യത്തെ സ്ത്രീകൾ ഇരുണ്ടകാലത്തെ അതിജീവിച്ചവരാണ്. നവോത്ഥാന നായകരുടെയും ദീർഘവീക്ഷണമുള്ള സാമൂഹിക പരിഷ്കർത്താക്കളുടെയും നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ഇന്ന് നമ്മുടെ പെൺകുട്ടികൾ മിടുക്കും കഴിവും തെളിയിച്ച് മത്സരപരീക്ഷകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വിജയം കൈവരിക്കുന്നു. സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള മേഖലകളിൽ അവർ സജീവമായി പ്രവർത്തിക്കുകയും മുന്നേറുകയും ചെയ്യുന്നു.
ജനാധിപത്യ ഭരണക്രമത്തിലും സ്ത്രീകൾ മികച്ച ഭരണാധികാരികളായി കഴിവ് തെളിയിച്ചുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ ഭരണതലങ്ങളിൽ ആത്മവിശ്വാസത്തോടെ അവർ നേതൃത്വം നൽകുന്നു. രാജ്യത്തിന്റെ പ്രഥമപൗര വനിതയാണ്.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദീർഘകാലം രാജ്യത്തെ നയിച്ച വനിതയാണ്. പാകിസ്ഥാനിൽ ബേനസീർ ഭൂട്ടോയും ബംഗ്ലാദേശിൽ ഷേഖ് ഹസീനയും, ഖലീദ സിയയും ഉൾപ്പെടെയുള്ള വനിതകൾ രാജ്യങ്ങളുടെ ഭരണനേതൃത്വം വഹിച്ചു. മാർഗരറ്റ് താച്ചറെ പോലുള്ള ശക്തരായ വനിതകളുടെ ഉദാഹരണങ്ങളും ലോകത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha























