സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കും

പിണറായി വിജയന്റെയും ഗോവിന്ദൻ മാഷിന്റെയും ഏകാധിപത്യം അവസാനിക്കുന്നു. സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക് എത്തുകയാണ്. ഒന്‍പത് പി.ബി അംഗങ്ങള്‍ വിശാല സമിതിയിൽ പങ്കെടുക്കും. ഇനി പിണറായി ഗോവിന്ദാദികളുടെ പരിപാടികൾ നടക്കില്ല. പി ബി അംഗങ്ങളിൽ അഞ്ചുപേര്‍ കേരളഘടകത്തിന് പുറത്തുള്ളവരാണ്. മര്യാദക്ക് പിണറായിക്കും ഗോവിന്ദനും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ പോലും കഴിയില്ല.
സിപിഎം വിശാല സംസ്ഥാന സമിതിയിൽ സ്വന്തം അജൻഡകൾ നടപ്പാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കങ്ങൾക്ക് തടയിട്ടിരിക്കുകയാണ് കേന്ദ്രനേതൃത്വം. ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി നിയന്ത്രിക്കാനെത്തും. സ്വതന്ത്രമായ ചർച്ചകൾക്ക് സംസ്ഥാന സമിതിയിൽ പിബി നിർദേശം നൽകുമെന്നാണ് വിവരം. അതായത് പിണറായിയുടെയും ഗോവിന്ദന്റെയും കുടുംബസ്വത്താണ് സി പി എം എന്ന പരമ്പരാഗത വിശ്വാസത്തിന് മാറ്റം വരികയാണ്. ഇവരുടെ കുടുംബവീടാണ് എ.കെ ജി സെന്റർ എന്ന കേരളത്തിലെ സാധാരണക്കാരുടെ വിശ്വാസത്തിനും ഇതോടെഇളക്കം തട്ടും.
സെപ്റ്റംബർ 13 മുതൽ 15 വരെ കോഴിക്കോട്ടാണ് യോഗം. അടിമുടി മാറ്റത്തിനുള്ള പ്ലീനത്തിനാണ് കേന്ദ്രകമ്മിറ്റി ലക്ഷ്യമിട്ടതെങ്കിലും വിശാല സംസ്ഥാന സമിതിയാക്കി സംസ്ഥാന നേതൃത്വം നീക്കം അട്ടിമറിക്കുകയായിരുന്നു. എന്നാൽ, പാർട്ടിയിൽ തിരുത്തൽ വേണമെന്നും ഇനിയും വിട്ടുവീഴ്ചയില്ലെന്നും വ്യക്തമാക്കിയാണ് വിശാല സംസ്ഥാന സമിതിക്ക് കേന്ദ്ര നേതൃത്വം വഴങ്ങിയത്. വിശാല സംസ്ഥാന സമിതി വഴി പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ അജൻഡ മാത്രം നടപ്പാക്കാനുള്ള നീക്കമാണ് ലക്ഷ്യമിട്ടത്. ഇതാണ് കേന്ദ്രനേതൃത്വം വെട്ടിയത്.
പിബിയിലെ പകുതിപേർ വിശാല സംസ്ഥാന സമിതിയിൽ പങ്കെടുക്കുന്നതോടെ ചർച്ചകൾക്ക് ചൂടേറും. സംസ്ഥാന നേതൃത്വത്തിനെതിരെ നിശിത വിമർശനവും ഉയരാം. കേരളത്തിലെ പിബി അംഗങ്ങളെ കൂടാതെ പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബി, അശോക് ധാവ്ളെ, കെ.ബാലകൃഷ്ണൻ, യു.വാസുകി, വിജു കൃഷ്ണൻ, ബി.വി.രാഘവേലു എന്നിവരാണ് വിശാല സംസ്ഥാന സമിതി നിയന്ത്രിക്കാനെത്തുന്നത്. തിരഞ്ഞെടുപ്പു പരാജയം പാർട്ടി നേതൃത്വത്തിന് വീഴ്ചകൊണ്ടു മാത്രമല്ലെന്ന ചർച്ചകൾക്കാണ് സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്.
എന്നാൽ, വീഴ്ചകൾ എന്തൊക്കെയെന്ന് അക്കമിട്ടു നിരത്തിയുള്ള കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ ഊന്നിയുള്ള ചർച്ചകൾക്കാവും സിപിഎം കേന്ദ്രനേതൃത്വം നിർദേശം നൽകുക. ഇതോടെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വീഴ്ചകൾ ഉൾപ്പെടെ സംസ്ഥാന നേതൃത്വത്തിന് സമ്മതിക്കേണ്ടി വരും. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പദവിക്ക് തൽക്കാലം ഇളക്കം തട്ടാൻ സാധ്യതയില്ലെങ്കിലും പാർട്ടി കമ്മിറ്റികളിൽ എന്തും സംഭവിക്കാമെന്നും വിശ്വസിക്കുന്നവർ പാർട്ടിക്കുള്ളിലുണ്ട്.
കഴിഞ്ഞ വർഷമാണ് പി ബിയിൽ മാറ്റമുണ്ടായത്.മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഒഴികെ 75 വയസ് പിന്നിട്ട നേതാക്കൾ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിബി കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയിൽ നിന്ന് ഒഴിവാക്കിയത്. പി കെ ശ്രീമതി സിപിഎം കേന്ദ്രകമ്മിറ്റിയിൽ തുടരും. ബൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും സിസിയിലെ ക്ഷണിതാക്കൾ ആകും. എസ് രാമചന്ദ്രൻ പിള്ളയും മണിക് സർക്കാരും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കൾ ആകും.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആർ അരുൺ കുമാറും അടക്കം എട്ട് പുതുമുഖങ്ങൾ പി ബിയിലെത്തി. അരുൺ കുമാർ ആന്ധ്രയിൽ നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തിൽ യു വാസുകിയും മറിയം ധാവ്‌ളെയും പോളിറ്റ് ബ്യൂറോയിലെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമാണ് യു വാസുകി. മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയുമാണ്. കെ ബാലകൃഷ്ണൻ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചര്യ (ബംഗാൾ) എന്നിവർ മറ്റ് പുതിയ പി ബി അംഗങ്ങൾ. ഇതാണ് നിലവിലെ സാഹചര്യമെന്നിരിക്കെ പിബിയുടെ വരവ് സി പി എമ്മിലെ കള്ള കൂട്ടങ്ങൾക്ക് ഗുണമാവില്ലെന്ന് ചുരുക്കം. ഇവർ പിണറായിയെ പേടിച്ച് അറ്റെൻഷനായി നിൽക്കില്ലെന്ന് ചുരുക്കം.
നേരത്തെ സംസ്ഥാന കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും പ്രവർത്തന ശൈലിയിലെ പിഴവുകളും ചൂണ്ടിക്കാട്ടി കേന്ദ്ര കമ്മിറ്റി വലിയ തിരുത്തലുകൾ വരുത്തിയിരുന്നു. ഈ വിമർശനങ്ങൾ ഉൾക്കൊണ്ടാണ് തിരുത്തൽ രൂപരേഖ തയാറാക്കുന്നത്. വർഗ-ബഹുജന സംഘടനകളുടെയും പാർട്ടിയുടെയും പ്രവർത്തന ശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ റിപ്പോർട്ടിൽ പ്രധാന വിഷയമാകും. ഇതിന് പുറമെ, സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നേരിയ അഴിച്ചുപണിക്കും സാധ്യതയുണ്ട്.
പാർട്ടി പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനായി പ്രധാന നേതാക്കളെ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിപ്പിക്കാൻ ആലോചനയുണ്ട്. പി. രാജീവിനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. എം.ബി രാജേഷിനെ പോലുള്ള നേതാക്കളെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിക്കണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.ഏരിയ സെക്രട്ടറിമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, വർഗ്ഗ ബഹുജന സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന കോഴിക്കോട്ടെ വിശാല സമിതി യോഗത്തിന് ശേഷമായിരിക്കും തിരുത്തൽ നടപടികളിൽ അന്തിമ തീരുമാനമെടുക്കുക.
സ്ഥാനാർത്ഥി നിർണയത്തിലുൾപ്പെടെ സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും, പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം നേതൃത്വം ഏറ്റെടുക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയുടെ റിവ്യൂ റിപ്പോർട്ട്. അതിൽ നിന്ന് വ്യത്യസ്തമാണ് സംസ്ഥാന ഘടകത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പയ്യന്നൂരും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സ്വീകരിച്ചത് സംസ്ഥാന ഘടകത്തിന്റെ നിലപാടാണ്.നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ സംബന്ധിച്ച് കേന്ദ്ര ,സംസ്ഥാന നേതൃത്വങ്ങൾ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഘട്ടത്തിലാണ് വിശാല സംസ്ഥാന കമ്മിറ്റി ചേരുന്നത്. കേന്ദ്രകമ്മറ്റി അംഗീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല വിശാല കമ്മിറ്റിയിലെ ചർച്ചയെന്നറിയുന്നു . സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട രൂപരേഖയുടെ കരട് തയ്യാറാക്കും. 7,8 തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി ഇതിന് അന്തിമ രൂപം നൽകും.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം കേന്ദ്ര കമ്മിറ്റിക്കാണെന്ന മട്ടിലാണ് വിജയനും ഗോവിന്ദനും നീങ്ങി കൊണ്ടിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയാകട്ടെ ഇതിനെ പ്രതിരോധിക്കാൻ കഴിയാത്ത തരത്തിൽ ദുർബലമായി പോയെന്ന് കേരളത്തിലെ സാധാരണക്കാർ വിശ്വസിച്ചു. സിപിഎമ്മിനെയും ആ പാർട്ടിയുടെ അടിസ്ഥാനതത്വങ്ങളെയും അന്ധമായി വിശ്വസിക്കുന്ന ഒരു വലിയ ജനക്കൂട്ടം ഉള്ള സംസ്ഥാനമാണ് കേരളം. കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കേരളത്തിൻറെ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങൾക്ക് നൽകിയ സംഭാവനകൾ അവർക്ക് മറക്കാനാവില്ല. സ്വന്തം ജീവിതത്തെയും രാഷ്ട്രീയത്തെയും മറന്ന് സമൂഹത്തിനുവേണ്ടി പ്രവർത്തിച്ച ഒരു കൂട്ടം സന്യാസ തുല്യരായ നേതാക്കൾ ഉണ്ടായിരുന്ന പാർട്ടിയാണ് സിപിഎം. അന്ന് അവരാരും തങ്ങളുടെ മക്കളുടെ ബിസിനസ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കാൻ സ്വപ്നത്തിൽ പോലും ഒരു പദ്ധതി ആലോചിച്ചിരുന്നില്ല. അതിനവർക്ക് ഭയമായിരുന്നു. കാരണം അവർ കേരളത്തിലെ ജനങ്ങളോട് പ്രതിബദ്ധതയുള്ളവരായിരുന്നു. പിണറായി വിജയനും ഗോവിന്ദനും ഇത്യാദി നേതാക്കളും ചേർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കാലത്തിൻറെ ശവക്കോട്ടയിലേക്ക് റീത്ത് വച്ച് ആനയിച്ചപ്പോൾ കേരളത്തിലെ സാധാരണക്കാർ നിറകണ്ണുകളുടെ നിരാശരായി മറ്റു പാർട്ടികളിലേക്ക് ചേക്കേറി. അവർക്കിടയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും ടി കെ ഗോവിന്ദനും. എന്നിട്ടും പകതീരാത്ത പിണറായി ഇവർക്ക് പിന്നാലെ നടന്ന ഭീഷണിപ്പെടുത്തുകയും ഇവരുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. കണ്ണൂരിലെ അന്ധരായ പിണറായി ഭക്തന്മാരെ ഉണർത്തി പാർട്ടി വിട്ടവരെ നശിപ്പിക്കുക എന്ന പതിവ് തന്ത്ര ശൈലി തന്നെയാണ് പിണറായി ഇപ്പോഴും പിന്തുടരുന്നത്. ഇനിയും കേരളത്തിൽ ടി പി ചന്ദ്രശേഖരൻമാർ ഉണ്ടാവില്ലെന്ന് ഉറപ്പു പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇതിൽ ഒരു മാറ്റം വരുത്താനാണ് ഒൻപതംഗ പി ബി കേരളത്തിലേക്ക് വരുന്നത്. ഇതിൽ മലയാളി സാന്നിധ്യം പരമാവധി കുറയ്ക്കാൻ ബേബി ശ്രമിച്ചതും ഈ പാർട്ടി നന്നാവണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ്. ഏതായാലും കാട്ടിലെ സിംഹത്തെ പോലെ പിണറായിയെ മേയാൻ വിടാൻ പിബി ഒരുക്കമല്ല. പണ്ട് സീതാറാം യച്ചൂരി ജീവിച്ചിരുന്ന കാലത്ത് ഇത്തരത്തിൽ പിണറായിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇന്നും ബേബിയുടെ റോൾ മോഡൽ വി എസാണ്.പിണറായിക്ക് പകരം ബാലഗോപാലാണ് ഇപ്പോഴും ബേബിയുടെ മനസിൽ.
കേരളക്കരയില്‍ ആഞ്ഞടിച്ച യു.ഡി.എഫ് സുനാമിയില്‍ എല്‍.ഡി.എഫ് കൂടാരം അപ്പാടെ തകര്‍ന്നടിഞ്ഞപ്പോള്‍, നിയമസഭയിലെ പ്രതിപക്ഷ നിരയെ ഇനി ആര് നയിക്കുമെന്ന ഗൗരവതരമായ ചര്‍ച്ച കേരളത്തില്‍ സജീവമായപ്പോൾ ബാലഗോപാലിന്റെ പേരാണ് ഉയർന്നു വന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് നിന്ന് സഭയിലെത്തിയെങ്കിലും മുൻ മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കുപ്പായം എത്രത്തോളം ഇണങ്ങുമെന്ന കാര്യത്തില്‍ സിപിഎമ്മില്‍ തന്നെ ഭിന്നാഭിപ്രായമുണ്ടായിരുന്നു. . ഈ സാഹചര്യത്തിലാണ് മുന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പേര് സജീവമായി ഉയര്‍ന്നു കേട്ടത്.
മന്ത്രിസഭയിലെ 13 പ്രമുഖര്‍ വന്‍തരംഗത്തില്‍ വീണപ്പോള്‍, കൊട്ടാരക്കരയിലെ കടുത്ത പോരാട്ടത്തില്‍ വിജയക്കൊടി പാറിക്കാന്‍ ബാലഗോപാലിന് സാധിച്ചു എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കരുത്തായി പാര്‍ട്ടി കാണുന്നു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമെന്ന നിലയിലുള്ള രാഷ്ട്രീയ പാരമ്പര്യവും സഭയിലെ സാമ്പത്തിക-ഭരണവിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള മികവും ബാലഗോപാലിന് മുന്‍തൂക്കം നല്‍കുന്നു. രാജ്യസഭാ അംഗമായും ബാലഗോപാല്‍ തിളങ്ങിയിട്ടുണ്ട്. കെ.കെ. ശൈലജയുടെ അപ്രതീക്ഷിത വീഴ്ച കൂടി ആയതോടെ, പരിചയസമ്പന്നരായ നേതാക്കളുടെ പട്ടികയില്‍ ബാലഗോപാലിന്റെ പേര് ഒന്നാമതെത്തി.
സെക്രട്ടേറിയറ്റ് അംഗമായ സജി ചെറിയാന്‍ വിജയതീരം കണ്ടിട്ടുണ്ടെങ്കിലും, എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള ബാലഗോപാലിന്റെ നയതന്ത്രപരമായ സമീപനമാണ് അദ്ദേഹത്തിന് അനുകൂലമായത്. പിണറായി വിജയന്റെ ശൈലിയോട് പലപ്പോഴും മൃദുവായ വിയോജിപ്പുകള്‍ പ്രകടിപ്പിച്ചും സ്വന്തം മണ്ഡലത്തില്‍ അടിത്തറ നിലനിര്‍ത്തിയും വിജയിച്ച ബാലഗോപാലിനെ മുന്‍നിര്‍ത്തി മുമ്പോട്ട് പോകാനാണ് ഒരു വിഭാഗം നേതാക്കളുടെ നീക്കം നടത്തിയത്.
പാര്‍ട്ടിയുടെ കണ്ണിലെ കൃഷ്ണമണിയായ കണ്ണൂര്‍ ജില്ലയിലെ പരാജയം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അചിന്തനീയമായിരുന്നു. പ്രത്യേകിച്ച് പയ്യന്നൂരിലും തളിപ്പറമ്പിലും ഏറ്റ പ്രഹരം നേതൃത്വത്തെ ആകെ ഞെട്ടിച്ചു. പയ്യന്നൂരില്‍ പാര്‍ട്ടി നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി വന്ന് ചുവപ്പുകോട്ട പിടിച്ചെടുത്തത് സി.പി.എമ്മിന്റെ സംഘടനാ ചരിത്രത്തിലെ തന്നെ കറുത്ത പാടായി മാറിക്കഴിഞ്ഞു. തളിപ്പറമ്പിലെ പതനവും ഭരണവിരുദ്ധ വികാരം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് അടിവരയിടുന്നു. ടികെ ഗോവിന്ദന്‍ എല്ലാ അര്‍ത്ഥത്തിലും വിസ്മയമായി.
ഈ തോല്‍വി കേവലം ഒരു തെരഞ്ഞെടുപ്പ് പരാജയമായി കാണാന്‍ സി.പി.എം കേന്ദ്ര നേതൃത്വം തയ്യാറല്ല. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ അണികള്‍ക്കിടയില്‍ രൂപപ്പെട്ട കടുത്ത അമര്‍ഷവും ഏകപക്ഷീയമായ തീരുമാനങ്ങളോടുള്ള പ്രതിഷേധവുമാണ് ഈ ഫലത്തിന് പിന്നിലെന്ന വിലയിരുത്തല്‍ ശക്തമാണ്. ഒരു കാലത്ത് ഉറച്ചുനിന്ന വോട്ട് ബാങ്കുകളില്‍ ഇത്തവണ വന്‍തോതില്‍ വിള്ളലുണ്ടായത് പാര്‍ട്ടിയുടെ ഭാവിയെ സംബന്ധിച്ച് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
കേരളത്തിലെ പാര്‍ട്ടിയെ അടിമുടി മാറ്റാനുള്ള ശുദ്ധീകരണ പ്രക്രിയക്ക് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടിയിരിക്കുകയാണ് . എം.എ. ബേബിയുടെ നേതൃത്വത്തില്‍ കേരളത്തിലെ പാര്‍ട്ടിക്കുള്ളില്‍ ഇടപെടലുകള്‍ നടത്താനാണ് ആലോചന. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ശൈലിയെ പരസ്യമായി ചോദ്യം ചെയ്യാന്‍ പലരും മടിച്ചുനിന്ന കാലം അവസാനിച്ചുവെന്ന സൂചനകളാണ് ബാലഗോപാലിന്റെ ക്ഷോഭത്തിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്.
ഭരണസിരാകേന്ദ്രത്തില്‍ നിന്ന് ലഭിച്ച തിരിച്ചടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങളും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും വലിയ കാരണങ്ങളായി നിരീക്ഷകര്‍ കാണുന്നു. സഭയില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ആര്‍ജ്ജവമുള്ള നേതാക്കളുടെ അഭാവം സി.പി.എമ്മിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ, ജനകീയനായ ഒരു നേതാവിനെ പ്രതിപക്ഷ നിരയുടെ തലപ്പത്ത് കൊണ്ടുവരേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്.
സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും കനത്ത തോല്‍വിയിലാണ്. മൂന്ന് മന്ത്രിമാര്‍ ജയിച്ചെങ്കിലും സി.പി.ഐയ്ക്കും പഴയ പ്രതാപം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ എല്‍.ഡി.എഫിനെ മുഴുവനായി നയിക്കാന്‍ ബാലഗോപാലിനെപ്പോലെ സര്‍വസമ്മതനായ ഒരു നേതാവ് വരണമെന്ന ആവശ്യം ഘടകകക്ഷികള്‍ക്കിടയിലും ഉയർന്നു.
അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും ജനങ്ങള്‍ നല്‍കിയ മറുപടിയാണിതെന്ന് പ്രതിപക്ഷം ആക്ഷേപിക്കുമ്പോള്‍, അണികളുടെ വിശ്വാസം തിരിച്ചുപിടിക്കാനുള്ള വലിയ ഉത്തരവാദിത്തം ഇനി വരാനിരിക്കുന്ന പുതിയ നേതൃത്വത്തിനാണ്. പരാജയപ്പെട്ട മന്ത്രിമാരെയും എം.എല്‍.എമാരെയും മാറ്റിനിര്‍ത്തി പുതിയൊരു നിരയെ നിയമസഭയില്‍ അണിനിരത്താനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
സഭാ നടപടികളില്‍ തിളങ്ങാന്‍ കഴിയുന്ന, സാമ്പത്തിക വിഷയങ്ങളില്‍ ആധികാരികമായി സംസാരിക്കാന്‍ ശേഷിയുള്ള ഒരാളായി ബാലഗോപാല്‍ മാറുമെന്നാണ് കേന്ദ്ര നേതൃത്വം കരുതിയത്. തിരുത്തലുകള്‍ ഭരണത്തിലല്ല, മറിച്ച് സംഘടനാ തലത്തില്‍ വേണമെന്ന കടുത്ത നിലപാടിലാണ് ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍. ഇതിനായി എം.എ. ബേബിയെ പോലുള്ളവര്‍ മുന്‍കൈ എടുക്കുന്നത് പ്രതീക്ഷയോടെയാണ് പലരും കാണുന്നത്.
പിണറായിയുടെ മകൾ കേസിൽ പെട്ടതും തുടർച്ചയായി ഇഡിക്ക് മുന്നിൽ ഹാജരാകുന്നതും പിണറായിയുടെ വീടിന് മുന്നിൽ നടന്ന അക്രമവുമൊക്കെ പിണറായിയെ പാർട്ടി കേന്ദ്ര നേതൃത്വത്തിന് താത്പര്യമില്ലാതാക്കി. മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വി.എസ്.അച്യുതാനന്ദന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ബാലഗോപാൽ. പിണറായിയുടെ നോമിനിയായിരുന്നു ബാലഗോപാൽ. ഏതായാലും കോഴിക്കോട് നിന്നും വെളുത്ത പുക ഉയരും എന്ന് തന്നെയാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ. ഇത് പാർട്ടിയുടെ അവസാന ശ്രമമായി പ്രവർത്തകർ കാണുന്നു. ഇതിലും പിണറായിയും ഗോവിന്ദനും ജയിക്കുകയാണെങ്കിൽ കേരളം ബംഗാളിന്റെ അവസ്ഥയിലേക്ക് പോകുമെന്ന് സിപിഎം പ്രവർത്തകർക്ക് ഉത്തമ ബോധ്യമുണ്ട്. അത് സംഭവിക്കുകയാണെങ്കിൽ നമ്മുടെ രാജ്യത്തിൻറെ മണ്ണിൽ നിന്നും മഹാരഥന്മാർ പടുത്തുയർത്തിയ ഈ പാർട്ടി നിഷ്കാസിതമാകുന്നത് കണ്ടു നിൽക്കാനുള്ള ദുര്യോഗം ഈ നൂറ്റാണ്ടിന് വന്നുചേരും.
https://www.facebook.com/Malayalivartha
























