ഐഒസിയില്‍ ടാങ്കര്‍ ലോറി സമരം തുടരുന്നു; കേരളം ഇന്ധനക്ഷാമത്തിലേക്ക്

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനത്തെ പ്ലാന്റില്‍ ടാങ്കര്‍ ലോറി ഉടമകള്‍ ആരംഭിച്ച അനിശ്ചിതകാല സമരം തുടരുകയാണ്. ടാങ്കര്‍ ട്രാന്‍സ്‌പോര്‍ട്ടേഴ്‌സും പമ്പുകളുമായുള്ള പുതിയ കരാറിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. എച്ച്പിസി, ബിപിസില്‍, ഐഒസി ട്രാന്‍സ്‌പോര്‍ട്ടിംഗ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം.
കരാര്‍ വ്യവസ്ഥകളിലെ അപാകതകളെച്ചൊല്ലി ഓണത്തിന് മുമ്പ് ടാങ്കറുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് മാറ്റുകയായിരുന്നു. ബുധനാഴ്ച രാത്രി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് സമരം ആരംഭിച്ചത്.
ദിവസേന 600 ലോഡുകളാണ് ഇവിടെനിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി പോകുന്നത്. എന്നാല്‍ സമരം ആരംഭിച്ചതോടെ ഇന്ധനനീക്കം തടസപ്പെട്ടിരിക്കുകയാണ്. ഐഒസിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന 612 ലോറികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിയ ടാങ്കറുകളുടമകളും തൊഴിലാളികളും ഇന്നു രാവിലെ ഐഒസി പ്ലാന്റിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സമരം ഒത്തുതീര്‍ക്കുന്നതിനായി ഇന്നു ചര്‍ച്ചകളൊന്നും വിളിച്ചിട്ടില്ലെന്നു സമരാനുകൂലികള്‍ അറിയിച്ചു.
കാസര്‍ഗോഡ്, കണ്ണൂര്‍ എന്നീ ജില്ലകളൊഴിച്ചു മറ്റു ജില്ലകളിലേക്ക് ഇന്ധനം എത്തിക്കുന്നത് ഇരുമ്പനം പ്ലാന്റില്‍ നിന്നാണ്. സമരം നീളുന്നതു കേരളത്തില്‍ കടുത്ത ഇന്ധനക്ഷാമത്തിന് കാരണമാകും.
https://www.facebook.com/Malayalivartha


























