റിട്ട. ഡെപ്യുട്ടി തഹസില്‍ദാരെ ചുറ്റികയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്ത്യവും 45000 രൂപ പിഴയും

റിട്ട. ഡപ്യൂട്ടി തഹസില്‍ദാര്‍ ശൈലജ കുമാരിയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി സ്വര്‍ണവും പണവും കൊള്ളയടിച്ച കേസില്‍ പ്രതി കിളിമാനൂര്‍ കണ്ണന്‍മുക്ക് ദിലീപ് ഭവനില്‍ ദിലീപ്കുമാറിനു ജീവപര്യന്തം തടവും 45,000 രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ആറു മാസത്തെ തടവുശിക്ഷ കൂടി അനുഭവിക്കണമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി വി.കെ.രാജന്‍ വിധിച്ചു. 2014 ഒക്ടോബര്‍ ഒന്‍പതിനു രാവിലെയാണു സംഭവം. കിളിമാനൂര്‍ എംഎസ് പാലസില്‍ പ്രവര്‍ത്തിച്ചിരുന്ന എംഎസ് ഫിനാന്‍സില്‍ ഒരു ജോടി കമ്മല്‍ പണയംവയ്ക്കാന്‍ എന്ന വ്യാജേന എത്തിയ പ്രതി ബാഗില്‍ കരുതിയിരുന്ന ചുറ്റിക കൊണ്ടു മോഹന്‍കുമാറിനെ തലയ്ക്കടിച്ചുവീഴ്ത്തി സ്വര്‍ണാഭരണം കവര്‍ച്ച ചെയ്തു. വീട്ടിലെ കിടപ്പുമുറിയില്‍ ഉണ്ടായിരുന്ന മോഹന്‍കുമാറിന്റെ ഭാര്യ ശൈലജയെ അതേ ചുറ്റിക കൊണ്ടു പ്രതി തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ കേസ്.
അറസ്റ്റിലായതു മുതല്‍ പ്രതി വിചാരണത്തടവുകാരനായി കഴിയുന്നതിനാല്‍ ആ കാലാവധി ശിക്ഷയില്‍ കണക്കാക്കും. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ പ്രതി ഒളിവില്‍ പോയി. കവര്‍ച്ച ചെയ്ത സ്വര്‍ണം പ്രതി തന്റെ പണി പൂര്‍ത്തിയാകാത്ത വീട്ടിലും കൃത്യത്തിന് ഉപയോഗിച്ച ചുറ്റിക രാലൂര്‍ക്കാവിലുള്ള പറങ്കിമാവിന്‍തോട്ടത്തിലും ഒളിപ്പിച്ചുവച്ചു. തെളിവു നശിപ്പിക്കുന്നതിനായി കയ്യില്‍ ധരിച്ചിരുന്ന ഗ്ളൗസും പണയ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച കവറുകളും പ്രതി നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.
കിളിമാനൂര്‍ ബാങ്കില്‍ നിന്നു ഭവനവായ്പ എടുത്തതിലെ കുടിശിക 20,000 രൂപ അടുത്ത ദിവസം അടയ്ക്കുകയും ചെയ്തു. ഇതിനിടെ ഭര്‍ത്താവിനെ കാണാനില്ലെന്നു പ്രതിയുടെ ഭാര്യ കവിത പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ പ്രതിയെ അറസ്റ്റു ചെയ്തു. വീട്ടില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണാഭരണവും കൃത്യത്തിന് ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെടുത്തു. മോഹന്‍കുമാറിനെ അടിച്ചു പരുക്കേല്‍പിച്ചതു പ്രതിയുമായുള്ള മുന്‍ധാരണ പ്രകാരം സ്ഥാപനത്തിലെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടിയാണെന്നു വിചാരണവേളയില്‍ പ്രതി പറഞ്ഞിരുന്നു. കിളിമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ്.അമ്മിണിക്കുട്ടന്‍, എസ്.ഷാജി എന്നിവരാണു കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്‌ളിക് പ്രോസിക്യൂട്ടര്‍ എം.ഹാഷിം ബാബു, ഡി.ജി.റെക്‌സ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 38 സാക്ഷികളെ വിസ്തരിച്ചു. 65 രേഖകളും 293 തൊണ്ടിമുതലും തെളിവിലേക്കായി ഹാജരാക്കി.
https://www.facebook.com/Malayalivartha