ആശങ്കകള്‍ ഇനിയും ബാക്കി, അമീര്‍ തന്നെയാണോ കൊലപാതകം നടത്തിയത് ? അമീര്‍ ജിഷയെ കൊലപ്പെടുത്തിയതിനു തെളിവുണ്ടോ ? സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകള്‍ക്കും കേസ് തെളിയിക്കാന്‍ പൊലീസിന് സാധിക്കുമോ ? ജിഷ വധക്കേസിലെ വിചാരണ ഇന്ന്

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂരിലെ ജിഷ വധക്കേസില്‍ പ്രാഥമിക വിചാരണ വെള്ളിയാഴ്ച തുടങ്ങും. സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിന്‍ബലത്തില്‍ കേസ് ജയിക്കാമെന്ന പ്രതീക്ഷയിലാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുപോകുന്നതെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുക്കാന്‍ സാധിച്ചതും പ്രതിയുടെ ഡി.എന്‍.എ. പരിശോധനാ ഫലവും പ്രോസിക്യൂഷനെ ശക്തമാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. സൗമ്യ വധക്കേസിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ആശങ്കകള്‍ക്ക് ഇവിടെ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിചാരണ വേളയില്‍ ആവശ്യമായ പരിഭാഷകരുടെ പാനല്‍ അനുവദിച്ച് കോടതി ഉത്തരവായിട്ടുണ്ട്. പ്രതിയും സാക്ഷികളായ 15-ഓളം പേരും മറുനാട്ടുകാരായതു കൊണ്ടാണ് പരിഭാഷകരെ വിചാരണയ്ക്ക് അനുവദിച്ചിരിക്കുന്നത്. പ്രതിയെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍, കേസില്‍ മറുനാട്ടുകാരായ 15 സാക്ഷികളുണ്ടെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണന്‍ കോടതിയെ അറിയിച്ചിരുന്നു. അസമീസ്, ഹിന്ദി ഭാഷകള്‍ സംസാരിക്കുന്ന അമീറിനായി പരിഭാഷകന്‍ വേണമെന്ന അപേക്ഷയില്‍ മൂന്നുപേരുടെ പാനലാണ് പ്രോസിക്യൂഷന്‍ നല്‍കിയത് .
അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെ മാത്രം പ്രതി ചേര്‍ത്ത് പോലീസ് നല്‍കിയ കുറ്റപത്രത്തിലാണ് വെള്ളിയാഴ്ച വിചാരണ തുടങ്ങുന്നത്. ലൈംഗിക പീഡനത്തിനുള്ള ശ്രമം ചെറുത്തപ്പോള്‍ രോഷാകുലനായി അമീര്‍ ജിഷയെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജിഷയോടുള്ള ലൈംഗിക താത്പര്യം മാത്രമാണ് കൊലപാതകത്തിലെത്തിയതെന്നാണ് കുറ്റപത്രത്തിലെ പ്രധാന പരാമര്‍ശം.
കുറ്റം ചെയ്തതായി അമിറുള്‍ പോലീസ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. തനിക്കൊപ്പം സുഹൃത്ത് അനാറുള്‍ ഇസ്ലാമും ഉണ്ടായിരുന്നുവെന്നും അമിറുള്‍ വെളിപ്പെടുത്തിയിരുന്നു. കൊലപാതകം, മാനഭംഗം, ദലിത് പീഡന നിരോധനിയമം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പീഡനശ്രമത്തെ എതിര്‍ത്തതിലെ വിരോധത്താല്‍ കൊല നടത്തിയെന്ന നിഗമനത്തിലാണ് പൊലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഡിഎന്‍എ പരിശോധനയുടെയും സാഹചര്യത്തെളിവുകളുടെയും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ പരിശോധനാ ഫലങ്ങളുടെയും അടിസ്ഥാനത്തിലാണ് അമിറുളിനെ പ്രതിയാക്കി കേസെടുത്തത്. രണ്ടു ലക്ഷത്തോളം ഫോണ്‍കോളുകള്‍ പോലീസ് പരിശോധിച്ചു. അയല്‍വാസികളുള്‍പ്പെടെ 5000 പേരുടെ വിരലടയാളം ശേഖരിച്ചു. 23 പേരുടെ ഡിഎന്‍എയും പരിശോധിച്ചു. പല്ല്, രക്തം എന്നിവയും പരിശോധിച്ചു. കാക്കനാട് ജില്ലാ ജയിലില്‍ പ്രത്യേക സെല്ലിലാണ് അമിറുള്‍ ഇപ്പോള്‍.
കേസിലെ പ്രതി അമീറിനെ പോലീസ് പിടികൂടി കൊലപാതകിയാണെന്നു പറയുമ്പോഴും നിരവധി നൂലാമാലകള്‍ക്കു മറുപടിയില്ലായിരുന്നു. ശാസ്ത്രീയമായ തെളിവുകള്‍ക്കും സാഹചര്യ തെളിവുകളും നിരത്തി അമീറിനെ ശിക്ഷിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ ഇനിയും ബാക്കിയാണ്. ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നും രക്ഷപ്പെടുത്തിയ പ്രമുഖ അഭിഭാഷകന്‍ ബിഎ ആളൂര്‍ ആണ് ജിഷ വധക്കേസിലെ പ്രതി അമീറിന് വേണ്ടിയും ഹാജരാകുന്നതെന്നുള്ളതും കേസില്‍ നിര്‍ണായകമാണ്. സംശയങ്ങളും ആശങ്കകളും ബാക്കി നില്‍ക്കെ ജിഷ വധക്കേസിലെ വിചാരണ പൂര്‍ത്തിയാകുമ്പോള്‍ ശിക്ഷിക്കപ്പെടുമോ രക്ഷപ്പെടുമോ എന്നുള്ളത് കണ്ടറിയണം.
https://www.facebook.com/Malayalivartha


























