രണ്ടു യോഗങ്ങള്‍ കേരളത്തിന് പുറത്ത്, മൂന്നാമത്തേത് കനകമലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധത്തിന്റെ കണ്ണികള്‍ എത്രപേരുണ്ടെന്നു പുറത്തു വിടാതെ എന്‍ഐഎ

രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമാരോപിച്ച് കോടതിയില്‍ ഹാജരാക്കിയ ആറു പേര്‍ക്കു പുറമെ എത്രപേരെ തിരിച്ചറിഞ്ഞതായി അന്വേഷകര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട സ്ഥലങ്ങള്‍ നിരീക്ഷണത്തിലാണ്. കൊല്ലം സിവില്‍ സ്റ്റേഷനില്‍ അടക്കം സമീപകാലത്തുണ്ടായ രണ്ടു സ്‌ഫോടനങ്ങളുടെ രാസപരിശോധനാ ഫലങ്ങളും എന്‍ഐഎ പരിശോധിക്കും. കൊല്ലം സ്‌ഫോടനത്തില്‍ പ്രതികള്‍ക്കുള്ള പങ്ക് സംശയിക്കുന്നുണ്ട്. ഭീകരസംഘടനയായ ഐഎസുമായുള്ള ബന്ധത്തിന്റെ പേരില്‍ കണ്ണൂരിലെ കനകമലയില്‍ അറസ്റ്റിലായ പ്രതികള്‍ നടത്തിയതു മൂന്നാമത്തെ യോഗമെന്നു വിവരം. നേരത്തേ രണ്ടു യോഗങ്ങള്‍ ചേര്‍ന്നത് കേരളത്തിനു പുറത്താണ്. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷിച്ചുവരികയാണ്. ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ഈ ഗ്രൂപ്പുമായി ബന്ധം സ്ഥാപിച്ചവരുമുണ്ട്. കനകമലയില്‍ പിടിയിലായ മലപ്പുറം സ്വദേശി പി.സഫ്വാന്‍ 2007ലെ കോട്ടയ്ക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ 11ാം പ്രതിയാണ്.
താനൂര്‍ സ്വദേശി ലക്ഷ്മണന്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടു പൊലീസ് കസ്റ്റഡിയിലെടുത്തതിനെത്തുടര്‍ന്നായിരുന്നു ആക്രമണം. പിടിയിലായ മന്‍സൂദിന്റെ വ്യാജന്‍ എന്നു കരുതുന്ന സമീര്‍ അലിയുടെ സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടില്‍ പോസ്റ്റുകള്‍ ഇന്നലെ വീണ്ടും പ്രത്യക്ഷപ്പെട്ടു. പോരാട്ടം തുടങ്ങാന്‍ പോകുന്നതേയുള്ളൂവെന്നു വ്യക്തമാക്കുന്ന പോസ്റ്റില്‍ മതപ്രബോധനങ്ങളും ഖിലാഫ മലയാളത്തിന്റെ പേജും കാണാം. തിരുനെല്‍വേലിയില്‍ പിടിയിലായ സുബ്ഹാനിയുടെ മൊബൈല്‍ കോള്‍ ലിസ്റ്റ് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഫോണ്‍ തകരാറിലായതിനെ തുടര്‍ന്നു നന്നാക്കാനായി ഇയാള്‍ തൊടുപുഴയിലുള്ള ബന്ധുവിനു നല്‍കിയിരുന്നു. ഇത് എന്‍ഐഎ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സുബ്ഹാനിയുടെ തൊടുപുഴയിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. തമിഴ്‌നാട്ടുകാരാണു സുബ്ഹാനിയുടെ മാതാപിതാക്കള്‍.
ഇതേസമയം, അറസ്റ്റിലായവരില്‍നിന്നു പിടിച്ചെടുത്ത 12 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരിശോധനയ്ക്ക് അയച്ചതായി കൊച്ചി റിപ്പോര്‍ട്ടില്‍ പറയുന്നു. സി ഡാക്കിലെ സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ രണ്ടു ദിവസം കൊണ്ടു പരിശോധന പൂര്‍ത്തിയാക്കും. രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചതിന്റെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. സമൂഹമാധ്യമങ്ങളില്‍ പ്രതികള്‍ പ്രചരിപ്പിച്ച ദേശവിരുദ്ധ പോസ്റ്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ 12 ആക്രമണ പദ്ധതികള്‍ ആസൂത്രണം ചെയ്ത 10 പ്രതികളെയാണ് എന്‍ഐഎ കണ്ടെത്താന്‍ ശ്രമിക്കുന്നത്.
പ്രതികള്‍ അക്രമിക്കാന്‍ ലക്ഷ്യമിട്ട രണ്ടു ഹൈക്കോടതി ജഡ്ജിമാര്‍, രണ്ടു രാഷ്ട്രീയ നേതാക്കള്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നിവരുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇവരെ എങ്ങനെ എവിടെ വച്ചാണ് ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്ന വിവരം പ്രതികള്‍ വെളിപ്പെടുത്തിയിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. രണ്ടു പ്രതികളെ കൂടി ഇന്നു കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha