പിക്കാസോയുടെ ശിഷ്യനാവാന്‍ ആഗ്രഹിച്ച, നിറങ്ങള്‍ക്ക് നിറമേകിയ ഇന്ത്യ കണ്ട മികച്ച ചിത്രകാരന്മാരില്‍ ഒരാള്‍, യുസഫ് അറയ്ക്കല്‍ ഇനി ഓര്‍മകളില്‍

ഒരേസമയം നേര്‍ത്ത വര്‍ണങ്ങളില്‍നിന്നും ഇരുണ്ടവയിലേക്കും വീണ്ടും തീക്ഷ്ണ വര്‍ണങ്ങളിലേക്കുമുള്ള യാത്രകളായിരുന്നു യൂസഫ് അറയ്ക്കല്‍ എന്ന ചിത്രകാരന്റെ കലാജീവിതം. ചിത്രകല തൊഴിലായി പരിഗണിക്കപ്പെടാത്ത കാലത്ത് ബംഗളൂരുവില്‍ താമസിച്ച് കല ജീവിതമാക്കി മാറ്റാന്‍ നടത്തിയ ശ്രമം ദക്ഷിണേന്ത്യന്‍ വിസ്മയ പാഠമാണ്. ചിത്രങ്ങള്‍ വാങ്ങി സൂക്ഷിക്കേണ്ടതാണെന്നും അത് നാളത്തെ അമൂല്യ സമ്പത്താണെന്നും തെന്നിന്ത്യയെ പഠിപ്പിച്ചവരില്‍ അഗ്രഗാമി യൂസഫാണ്. ഇന്ന് ചിത്രങ്ങള്‍ വിറ്റ് സമ്പന്നമായി ജീവിക്കുന്ന പലരും ഇങ്ങനെയൊരു കാലം നിര്‍മിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമം അറിഞ്ഞിരിക്കില്ല.
വരകളില്‍ എക്സ്പ്രഷണിസം എങ്ങനെ കൊണ്ടുവരണമെന്ന കാര്യത്തില്‍ അറയ്ക്കലിന് ശങ്കയേതും ഉണ്ടായിരുന്നില്ല. തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിനോട് ഏറ്റവും നല്ലരീതിയില്‍ പ്രതികരിക്കാനാവുന്ന സങ്കേതമായാണ് അറയ്ക്കല്‍ എക്സ്പ്രഷണിസത്തെ കണ്ടത്. പഴയ ബോംബെയിലെ സോളോ പ്രദര്‍ശനത്തിനിടയിലും തുടര്‍ന്ന് ഡല്‍ഹിയിലെ പ്രദര്‍ശനത്തിനിടയിലും വെളിവാക്കിയിരുന്നത് ലോകത്തെ വായിക്കാന്‍ എക്സ്പ്രഷണിസത്തെപോലെ മറ്റൊരു മാധ്യമവും ഇല്ല എന്നായിരുന്നു. വരച്ചു കൂട്ടിയതത്രയും തന്റെ മതത്തിനെതിരെ കൂടി ആളുകളെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ചിത്രങ്ങളായിരുന്നു.
ഗുജറാത്ത് വംശീയ കലാപവുമായി ബന്ധപ്പെട്ട് അറയ്ക്കല്‍ വരച്ച ഗുജേര്‍ണിക എന്ന ചിത്രം പേരുകൊണ്ട് മാത്രം അല്ല രചന രീതികൊണ്ടും പിക്കാസോയുടെ ഗര്‍ണിക്കയെ ഓര്‍മിപ്പിക്കുന്നു. അറയ്ക്കല്‍ പിക്കാസോയെ കോപ്പിയടിക്കുകയായിരുന്നില്ല, ഒരേ ആശയം രണ്ടുപേര്‍ രണ്ടു രീതിയില്‍ വരച്ചു എന്നേയുള്ളൂ. ആകാരനിഷ്ഠാ ശൈലിയിലുള്ള ആ കലയുടെ പൊതുസ്വഭാവം സാമ്പ്രദായിക കരവിരുതിനെ ആദരിച്ചും അതേസമയം അതിലെ പ്രതിഭാരാഹിത്യത്തെ തിരസ്‌ക്കരിച്ചുമായിരുന്നു. ഇരുളും വെളിച്ചവും നിറങ്ങളും നേര്‍ത്തുവരികയും അതേ പ്രതലത്തില്‍ നിറത്തിന്റെ കരുത്തിലേക്ക് തിരിയുന്നതും യൂസഫിന്റെ സൃഷ്ടികളില്‍ കാണാം.
വലിയ കുടുംബത്തില്‍ പിറന്നെങ്കിലും അനാഥ ബാല്യമായിരുന്നു യൂസഫിന്റേത്. ആ അനാഥത്വം അവസാന നാള്‍വരെയും പിന്തുടര്‍ന്നു. ചാവക്കാട്ട് 1945 ല്‍ ജനിച്ച യൂസഫിന്റെ മാതാവ് പാത്തുമ്മ കണ്ണൂരിലെ അറയ്ക്കല്‍ രാജകുടുംബത്തിലെയും പിതാവ് കുഞ്ഞുമൊയ്തീന്‍ തൃശൂരിലെ വ്യാപാരകുടുംബമായ കേയീസിലെയും അംഗങ്ങളായിരുന്നു. ആറാംവയസ്സില്‍, ഇരുവരും മരിച്ചതിനെത്തുടര്‍ന്നു ബാല്യം കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. 19 മത്തെ വയസ്സില്‍ ബെംഗളൂരുവിലെത്തി. ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്‌സ് ലിമിറ്റഡില്‍ (എച്ച്എഎല്‍) സ്‌കില്‍ഡ് ടെക്‌നീഷ്യനായി.
രാജാരവിവര്‍മയുടെ പിന്മുറക്കാരനായ ജയവര്‍മയില്‍നിന്നു ചിത്രകല പരിശീലിച്ച അദ്ദേഹം, 1973ല്‍ കര്‍ണാടക ചിത്രകലാ പരിഷത്തില്‍നിന്നു പെയിന്റിങ് ഡിപ്ലോമ നേടി. 1967 മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എണ്ണച്ചായ, ജലച്ചായ ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ശില്‍പനിര്‍മാണത്തിനു വെങ്കലം, ടെറാക്കോട്ട, ഗ്രാനൈറ്റ്, സ്റ്റീല്‍, ഫൈബര്‍ ഗ്ലാസ് എന്നിവ മാധ്യമങ്ങളാക്കി. 1992 മുതല്‍ വിദേശത്തും പ്രദര്‍ശനങ്ങള്‍ നടത്തി. കര്‍ണാടക ലളിതകലാ അക്കാദമി (1979, 1981), കേന്ദ്ര ലളിതകലാ അക്കാദമി (1983) പുരസ്‌കാരങ്ങളും കേരള സര്‍ക്കാരിന്റെ രാജാ രവിവര്‍മ പുരസ്‌കാരവും (2013) ലഭിച്ചു.
'ബേക്കണ്‍സ് മാന്‍ വിത്ത് ദ് ചൈല്‍ഡ് ആന്‍ഡ് പ്രീസ്റ്റ്' എന്ന സൃഷ്ടിക്കു ഫ്‌ലോറന്‍സ് ബിനാലെയില്‍ 'ലോറന്‍സോ ദെ മെഡിസി' സ്വര്‍ണമെഡല്‍ ലഭിച്ചു. മനുഷ്യനും സമൂഹവും വിഷയമാക്കി ഒട്ടേറെ ചിത്രങ്ങളും ശില്‍പങ്ങളും പിറന്നു. കടുവാസംരക്ഷണം പോലെയുള്ള വിഷയങ്ങള്‍ പ്രമേയമാക്കി കവിതകളുമെഴുതിയിരുന്നു. ഇംഗ്ലിഷില്‍ ചിത്രകലാനിരൂപണവുമെഴുതി. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ ഫ്‌ലൈറ്റ് മ്യൂറല്‍, എംജി റോഡിലെ അപ്ലൈഡ് ഡിഎന്‍എ, ജവാഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ചിലെ ഗ്രാനൈറ്റ് മ്യൂറല്‍ തുടങ്ങിയ ഇന്‍സ്റ്റലേഷനുകള്‍ പ്രശംസ പിടിച്ചുപറ്റി.കലാകാരന്മാര്‍ക്ക് അവസരങ്ങളൊരുക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമാണ്, എഇസിഎസ് ലേഔട്ടില്‍ സ്ഥാപിച്ച സാറാ അറയ്ക്കല്‍ ഗാലറിയില്‍ എല്ലാവര്‍ഷവും അന്‍പതോളം കലാകാരന്മാരാണു പ്രദര്‍ശനങ്ങളുമായി എത്തുന്നത്. സമകാലികരായ 135 ലോകപ്രശസ്ത ചിത്രകാരന്മാരുടെ മുഖചിത്രങ്ങള്‍ വരച്ച് 'ഫെയ്‌സസ് ഓഫ് ക്രിയേറ്റിവിറ്റി' എന്ന പേരില്‍ ചെന്നൈയില്‍ നടത്തിയ പ്രദര്‍ശനമാണ് അവസാനത്തേത്.
https://www.facebook.com/Malayalivartha