കെ.എസ്.ആര്‍.ടി.സിയില്‍ പണിമുടക്ക്; ദീര്‍ഘദൂര സര്‍വീസുകള്‍ മുടങ്ങി

ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രതിഷേധ പണിമുടക്ക് നടത്തുന്നു. കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് സമരം കൂടുതല്‍ ശക്തമായിരിക്കുന്നത്. ജീവനക്കാര്‍ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങി. ശമ്പളം ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍.
ദീര്‍ഘദൂര സര്‍വീസുകള്‍ അടക്കം മുടങ്ങിയത് യാത്രക്കാരെ വലച്ചു. ഇതേത്തുടര്‍ന്ന് മിക്ക ബസ് സ്റ്റാന്‍ഡുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലത്ത് ഇടതു തൊഴിലാളി സംഘടനയായ സി.ഐ.ടി.യു അടക്കമുള്ളവയാണ് സമരം നടത്തുന്നത്. താമരശേരിയില്‍ കോണ്‍ഗ്രസ് തൊഴിലാളി സംഘടന ഐ.എന്‍.ടി.യു.സിയാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്. തിരുവനന്തപുരം, പാലക്കാട്, എറണാകുളം, കോഴിക്കോട്, സുല്‍ത്താന്‍ ബത്തേരി തുടങ്ങി 93ല്‍ 61 ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ശമ്പളം നല്‍കിയത്.
കടം നല്‍കുന്നതില്‍ നിന്ന് ധനകാര്യ സ്ഥാപനങ്ങള്‍ പിന്മാറിയതോടെയാണ് ശമ്പള വിതരണം നിലച്ചത്. കഴിഞ്ഞ തവണ വായ്പയെടുത്തതില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച തുകയും ഇന്ധനച്ചെലവിനത്തില്‍ ഐ.ഒ.സിക്ക് നല്‍കാനുള്ളതും വകമാറ്റിയാണ് ശമ്പള വിതരണത്തിന് വിനിയോഗിച്ചത്. എന്നിട്ടും 59 കോടി വേണ്ടിടത്ത് 34 കോടിയേ കണ്ടെത്താനായുള്ളൂ. ശേഷിക്കുന്ന തുക എസ്.ബി.ടിയില്‍ നിന്ന് വായ്പയെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.
https://www.facebook.com/Malayalivartha