നിരാഹാര സമരം അവസാനിപ്പിച്ചതിനെ പരിഹസിച്ച് എം.സ്വരാജ്

സ്വാശ്രയ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനെ കളിയാക്കി എം.സ്വരാജ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭ അടുത്ത പത്തു ദിവസത്തേക്ക് സമ്മേളിക്കുന്നില്ലെങ്കില്‍ സമരം നിയമസഭയ്ക്ക് പുറത്തേക്ക് മാറ്റാതെ പിന്‍വലിച്ചത് എന്തുകൊണ്ടാണെന്ന് സ്വരാജ് ചോദിച്ചു. സഭയില്‍ നടത്തുന്ന സമരം പുറത്തേക്ക് എന്നു പറയുമ്പോള്‍ നിരാഹാരം പുറത്ത് നടത്തും എന്നല്ലേ അര്‍ത്ഥമെന്നും സ്വരാജ് ചോദിക്കുന്നു.
നേരത്തെയുള്ള കലണ്ടര്‍ പ്രകാരം നാളെ കഴിഞ്ഞാല്‍ പിന്നെ 17 ന് മാത്രമേ സഭ ഉണ്ടായിരുന്നുള്ളൂ. നാളെ ഒരു ദിവസത്തെ സഭയാണ് ഇപ്പോള്‍ ഒഴിവാക്കപ്പെട്ടത്. സഭയില്ലാത്ത സാഹചര്യത്തില്‍ നിരാഹാരം വേണ്ടെന്നാണെങ്കില്‍ നാളെ എന്തായാലും അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിരാഹാര സമരമായിരുന്നോ ഇന്നലെ രാത്രി ആരംഭിച്ചത്.
ഇന്നലെ രാത്രി മുതല്‍ ഇന്ന് ഉച്ചവരെയുള്ള നിരാഹാരത്തിനായാണോ വി.ടി.ബല്‍റാം ആവേശത്തോടെ തുടക്കം കുറിച്ചതെന്നും സ്വരാജ് സംശയം പ്രകടിപ്പിച്ചു. സമരം നടത്താനും നിറുത്താനുമുള്ള പൂര്‍ണ അവകാശം പ്രതിപക്ഷത്തിനുണ്ട്. സമരം മാന്യമായി അവസാനിപ്പിക്കാന്‍ കഴിയുന്ന അവസരം ഉപയോഗിക്കാതെ സമരം നാണം കെട്ടുപിരിയണം എന്ന ഗ്രൂപ്പ് താല്‍പര്യത്തിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഇത് പറയുന്‌പോള്‍ ബബബബബ എന്നു പറയുമെന്ന് അറിയാമെന്നും സ്വരാജ് പരിഹസിച്ചു.
https://www.facebook.com/Malayalivartha