ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഉപസമിതി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതികള്‍ കഴമ്പുണ്ടെന്ന് അന്വേഷണ ഉപസമിതി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് കേരള സര്‍വകലാശാലാ ഉപസമിതി ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന പരാതി അന്വേഷിച്ചത്. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ അന്തിമ റിപ്പോര്‍ട്ട് നാളെ സര്‍വകലാശാലയ്ക്കു സമര്‍പ്പിക്കും.
ലോ അക്കാദമിയിലെ ഹാജര്‍, ഇന്റേണല്‍ മാര്‍ക്ക് എന്നിവ നല്‍കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ശക്തമായ നടപടിയെടുക്കുമെന്നു വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ റെസ്‌റ്റോറന്റില്‍ അടിമകളെപ്പോലെ തങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാറുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ഉപസമിതിക്ക് മൊഴി നല്‍കി. പണിയെടുത്തില്ലെങ്കില്‍ ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട രേഖകള്‍ സമിതി പരിശോധിച്ചു. ഇന്റേണല്‍ മാര്‍ക്ക് നല്‍കുമെന്നറിയിച്ചാണ് ജോലി ചെയ്യിച്ചതെന്ന് ദളിത് വിദ്യാര്‍ഥികള്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ യൂണിഫോമിട്ട് ബിരിയാണി വിളമ്ബിയതായും ജോലിക്ക് കൂലിയായി കിട്ടുന്നത് ഇന്റേണല്‍ മാര്‍ക്കാണെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തി. ദളിത് വിദ്യാര്‍ത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പല്‍ വലിച്ചെറിഞ്ഞതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം, വിദ്യാര്‍ത്ഥികളുടെ ആരോപണം ലക്ഷ്മി നായര്‍ നിഷേധിച്ചു. അത്തരം സംഭവങ്ങള്‍ നടന്നിട്ടില്ലെന്നും തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നതെന്നും അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha