ഡോക്ടറുടെ കുറിപ്പടി മലയാളത്തിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

ഡോക്ടര്‍മാരുടെ പരിശോധനാ നിഗമനങ്ങളും ലാബുകളിലെ പരിശോധനാഫലവും മലയാളത്തിലാക്കിയാല്‍ രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം സുതാര്യമാകുമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ മാതൃഭാഷയിലാക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഇതുസംബന്ധിച്ച ഉത്തരവില്‍ പറഞ്ഞു.
പാലക്കാട് പാറശേരി സേതുമാധവന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഈ ഉത്തരവ്. പരാതിക്കാരന്റെ ഗര്‍ഭിണിയായ ഭാര്യ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യയെ ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രസവത്തില്‍ ഇരട്ടക്കുട്ടികള്‍ ആയിരുന്നെന്നും ഗര്‍ഭപാത്രത്തിന് വികാസമില്ലാത്തതിനാല്‍ ഗര്‍ഭസ്ഥശിശുക്കള്‍ മരിച്ചതായും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് ലഭിച്ചില്ല.
അധികൃതരില്‍ നിന്നു കമ്മിഷന്‍ വിശദീകരണം തേടിയിരുന്നു. ഭാര്യക്ക് ഗര്‍ഭാവസ്ഥയിലുള്ളത് ഇരട്ടക്കുട്ടികളാണെന്ന് ഒ.പി. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നതായി വിശദീകരണത്തില്‍ ആശുപത്രി അധികൃതര്‍ പറയുന്നു. അതിനാല്‍, പരാതിക്കാരന്‍ ഇക്കാര്യം അറിയേണ്ടതായിരുന്നുവെന്നാണു വിശദീകരണം. പരാതിക്കാരന്‍ ആവശ്യപ്പെടാത്തതു കൊണ്ടാണ് ആംബുലന്‍സ് നല്‍കാതിരുന്നതെന്നും മറുപടിയിലുണ്ട്. ഒ.പി. രജിസ്റ്ററില്‍ ഇരട്ടക്കുട്ടികളാണെന്ന് രേഖപ്പെടുത്തിയതുകൊണ്ട് മാത്രം പരാതിക്കാരനും ഭാര്യയും അത് അറിയണമെന്നില്ലെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം അവരെ നേരിട്ട് അറിയിച്ചതായി വിശദീകരണത്തിലില്ല. ടിക്കറ്റിലുള്ളത് ഇംഗ്ലീഷിലുള്ള കുറിപ്പുകളും വിദഗ്ധര്‍ക്ക് മാത്രം മനസിലാകുന്ന സൂചകങ്ങളുമാണെന്ന് കമ്മിഷന്‍ കണ്ടെത്തി. ഡോക്ടറുടെ കുറിപ്പ് മലയാളത്തിലായിരുന്നെങ്കില്‍ പരാതിക്കാരന് മനസിലാക്കാമായിരുന്നു.
ആശുപത്രിയും ഡോക്ടര്‍മാരും തന്റെ ഇരട്ടക്കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന പരാതിക്കാരന്റെ വാദം തെറ്റല്ലെന്നും കമ്മിഷന്‍ നിരീക്ഷിച്ചു. ചികിത്‌സയ്‌ക്കെത്തുന്നവരോട്, പ്രത്യേകിച്ച് ഗര്‍ഭിണികളോട് കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വം ഡോക്ടര്‍മാര്‍ക്കുണ്ട്. യഥാസമയത്തുള്ള ആശയവിനിമയമില്ലായ്മ പരാതികള്‍ക്ക് ഇട നല്‍കും.
ആരോപണങ്ങള്‍ക്ക് സാഹചര്യം ഒരുക്കരുതെന്ന് കമ്മിഷന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കി.
ഇരട്ടക്കുട്ടികളുടെ മരണത്തില്‍ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും ഭാഗത്ത് വീഴ്ച ഉണ്ടായില്ലെന്ന് സ്ഥിരീകരിക്കാത്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സമഗ്ര പുനരന്വേഷണം നടത്തണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























