സിപിഐ എം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ദീർഘകാലം സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ആർ സഹദേവൻ അന്തരിച്ചു....

സിപിഐ എം മുൻ കൊല്ലം ജില്ലാ സെക്രട്ടറിയറ്റ് അംഗവും ദീർഘകാലം സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ആർ സഹദേവൻ (76) അന്തരിച്ചു.
വൃക്കരോഗത്തെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ഞായർ രാത്രി 12നായിരുന്നു അന്ത്യം . നിലവിൽ കാഷ്യു വർക്കേഴ്സ് സെന്ററിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. അഞ്ചൽ സെന്റ് ജോൺസ് കോളേജിൽ എസ്എഫ്ഐയുടെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്.
കെഎസ്‍വൈഎഫിന്റെ കൊട്ടാരക്കര താലൂക്കിലെ പ്രധാനപ്പെട്ട പ്രവർത്തകനായിരുന്നു. മിച്ചഭൂമി സമരം നടക്കുന്ന ഘട്ടത്തിലടക്കം കർഷകത്തൊഴിലാളി യൂണിയന്റെ കൊട്ടാരക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി സമര രംഗത്ത് കടന്നു വന്നു.
സിപിഐ എം വെട്ടിക്കവല ഉമ്മന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, 1987 മുതൽ 98 വരെ സിപിഐ എം കൊട്ടാരക്കര ഏരിയ കമ്മിറ്റി സെക്രട്ടറി, ദീർഘകാലം പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1979ൽ വെട്ടിക്കവല പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റ് ആയും ദീർഘകാലം കൊട്ടാരക്കര താലൂക്ക് അർബൻ സഹകരണ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ആയും കൊട്ടാരക്കര താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനുമായി പ്രവർത്തിച്ചിട്ടുണ്ട്.
കൊട്ടാരക്കര താലൂക്ക് കശുവണ്ടി തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ആയും കാപെക്സ് ഡയറക്ടർ ബോർഡ് അംഗമായും കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ടായിരുന്നു. കൊട്ടാരക്കര ഏരിയയിൽ സിപിഐ എം കെട്ടിപ്പെടുക്കുന്നതിനു വേണ്ടി ഉജ്ജ്വലമായ നേതൃത്വം നൽകിയ വ്യക്തിയായിരുന്നു ആർ സഹദേവനെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി അനുശോചിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 6ന് വെട്ടിക്കവലയിലെ വീട്ടുവളപ്പിൽ നടക്കും.
"
https://www.facebook.com/Malayalivartha

























