വിദ്യാര്‍ഥിനിയായ നവവധുവിന്റെ മരണം: ആത്മഹത്യക്കുറിപ്പുകള്‍ കണ്ടെടുത്തു

പ്രണയച്ചതിയില്‍ ഹോമിക്കപ്പെടുന്ന ജീവിതങ്ങള്‍. ആന്‍മരിയായ്ക്ക് ഭര്‍തൃവീട്ടില്‍ ഏല്‍ക്കേണ്ടിവന്നത് കൊടിയപീഡനം. പ്രണയവിവാഹം കഴിഞ്ഞു നാലാം മാസം വിഷം ഉള്ളില്‍ ചെന്നു മരിച്ച കോളജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യക്കുറിപ്പുകള്‍ പൊലീസ് കണ്ടെടുത്തു. കണ്ണൂര്‍ പൂപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ നടത്തിയ പരിശോധനയിലാണു രണ്ട് ആത്മഹത്യക്കുറിപ്പുകള്‍ കുടിയാന്‍മല പൊലീസ് കണ്ടെടുത്തത്. പൈസക്കരി ദേവമാത കോളജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയായ നിടുവാലൂര്‍ സ്വദേശി ആന്‍മരിയ രണ്ടു ദിവസം മുന്‍പായിരുന്നു മരിച്ചത്.
രണ്ടു കുറിപ്പുകളില്‍ ഒന്ന് അമ്മയ്ക്കും മറ്റൊന്നു ഭര്‍ത്താവ് സുബിനുമാണ്. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നു ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തിരുന്നു. ആന്‍മരിയയുടെ വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പൊലീസ് ഇനിയും മൊഴിയെടുക്കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വിശദമായ പരിശോധന നടത്തും.
ആലക്കോട് സിഐ ഇ.പി.സുരേശന്‍, കുടിയാന്‍മല എസ്‌ഐ കെ.ജി.വിപിന്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവിനെ രണ്ടു ദിവസത്തിനു ശേഷം ഹാജരാകണമെന്ന നിര്‍ദേശം നല്‍കി വിട്ടയച്ചു.
https://www.facebook.com/Malayalivartha
























