പത്മകുമാറിന്റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന

ശബരിമല സ്വര്‍ണ്ണക്കൊള്ളയിൽ മുൻ എംഎൽഎയും പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവുമായ പത്മകുമാറിൻ്റെ അറസ്റ്റോടെ സിപിഎം കടുത്ത പ്രതിരോധത്തിലാണ്. അതിനിടയിലാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന സൂചന പുറത്തു വരുന്നത്. സ്വർണക്കൊള്ളയുമായി ഒരു ബന്ധവുമില്ലെന്നും ഇതുസംബന്ധിച്ച ഒരു ഫയലും തന്റെ മുന്നിൽ വന്നിട്ടില്ലെന്നുമായിരുന്നു മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ പ്രതികരണം. എന്നാൽ കട്ടിളപ്പാളി പോറ്റിക്ക് നൽകിയത് മുൻ ദേവസ്വം മന്ത്രിയുടെ അറിവോടെയെന്ന് നിർണായക മൊഴി നൽകിയിരിക്കുകയാണ് പത്മകുമാർ. ഉദ്യോഗസ്‌ഥരെയും എൻ വാസുവിനെയും കുറ്റപ്പെടുത്തി കൊണ്ടുള്ളതാണ് പത്മകുമാറിൻ്റെ മൊഴി. ഉദ്യോഗസ്ഥർ തന്ന രേഖപ്രകാരമാണ് നടപടിയെടുത്തതെന്ന് പത്‌മകുമാർ പറയുന്നു. പാർട്ടിക്കെതിരെ മുനവെച്ച് ഇതിനകം പലവട്ടം പ്രതികരിച്ചതാണ് പത്മകുമാർ. യുവതീപ്രവേശന കാലത്ത് സർക്കാർ നിലപാടിനെതിരായതോടെ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ഗുഡ് ബുക്കിൽ നിന്ന് പത്മകുമാർ പുറത്തായതാണ്. പത്മകുമാർ എന്ത് പറയുമെന്നതും പാർട്ടിക്ക് പ്രധാനമാണ്.
എന്നാൽ എൻ. വാസു ഉൾപ്പെടെ അറസ്റ്റിലായ അഞ്ചുപേരുടെ മൊഴികളും പത്മകുമാറിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. സ്വർണക്കടത്തിന് ആരാണ് നേതൃത്വംനൽകിയതെന്ന ചോദ്യത്തിന് മഹസർ ഉൾപ്പെടെയുള്ള തെളിവ് ബലമേകി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇത്ര സ്വാധീനംലഭിച്ചത് പത്മകുമാർ ദേവസ്വംപ്രസിഡന്റായതിന് ശേഷമായിരുന്നു എന്നാണ് അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ മൊഴി. ദേവസ്വം ആസ്ഥാനത്തും ശബരിമലയിലും ഉണ്ണികൃഷ്ണൻ പോറ്റി മിക്കപ്പോഴും ദേവസ്വം പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നെന്നും അറസ്റ്റിലായവർ മൊഴിനൽകി.
കേസിന്റെ തുടക്കം മുതല്‍ മാധ്യമങ്ങളോട് പത്മകുമാര്‍ പ്രതികരിച്ച രീതിയും എസ്‌ഐടി നിരീക്ഷിച്ചിരുന്നു. ശബരിമല ശ്രീകോവിലില്‍ നിന്നും ഇളക്കിയത് സ്വര്‍ണം പൊതിഞ്ഞ പാളികള്‍ അല്ലെന്നും അത് ചെമ്പാണെന്നും ആദ്യം പ്രതികരിച്ചത് പത്മകുമാര്‍ ആയിരുന്നു. കട്ടിളപ്പാളികള്‍ ചെമ്പ് എന്ന് രേഖപ്പെടുത്തി 2019 മാര്‍ച്ച് 19 ന് പോറ്റി വശം ചെന്നൈക്ക് കൊടുത്തു വിടാന്‍ തയാറാക്കിയ ഒരു പേപ്പറിലും പ്രസിഡന്റ് എന്ന നിലയില്‍ പത്മകുമാര്‍ ഒപ്പിട്ടിരുന്നില്ല. എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ നിരപരാധിത്തം വ്യക്തമാക്കാന്‍ മനപൂര്‍വ്വം ഒപ്പിടാതെ ഒഴിഞ്ഞുമാറിയതാണെന്നാണ് എസ്‌ഐടിയുടെ നിഗമനം.
പതിറ്റാണ്ടുകളായി പത്തനംതിട്ട പാര്‍ട്ടിയുടെ മുഖമാണ് പത്മകുമാർ. സംസ്ഥാന നേതൃ നിരയെടുത്താൽ ചെറുതല്ലാത്തൊരു സ്ഥാനമുണ്ട്. ആറന്മുള വിമാനത്താവള സമരാനന്തരം പിണറായി വിജയന്റെ അതിവിശ്വസ്തനുമായിരുന്നു.കേസില്‍ പത്മകുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന നിരവധി തെളിവുകള്‍ എസ്‌ഐടിക്ക് ലഭിച്ചിരുന്നു. കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ്. മുൻ പ്രസിഡന്റ് എൻ.വാസു റിമാൻഡിലാണ്. അറസ്റ്റൊഴിവാക്കാൻ പത്മകുമാർ പാർട്ടി സംരക്ഷണം തേടിയതായി സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിലെ പല ഉന്നതരുമായും ബന്ധപ്പെട്ടിരുന്നു. എന്നാൽ, അറസ്റ്റ് അനിവാര്യമാണെന്ന് ഉറപ്പായതോടെ പാർട്ടിനേതൃത്വം കൈയൊഴിഞ്ഞു. ഇതോടെയാണ് വ്യാഴാഴ്ച ഹാജരാകാമെന്ന് പത്മകുമാർ അന്വേഷണ സംഘത്തെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























