കുടിവെള്ളം കിട്ടാക്കനി; മൃഗാശുപത്രിക്ക് മുന്നില്‍ ക്ഷീരകര്‍ഷകന്‍ പശുക്കളെ ഉപേക്ഷിച്ചു

അമ്പൂരി ഗ്രാമപഞ്ചായത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകന്‍ 14 പശുക്കളെ മൃഗാശുപത്രിയില്‍ കൊണ്ട് കെട്ടിയശേഷം മുങ്ങി. കൂട്ടപ്പു തേക്ക്പാറ ബിസ്മില്ലാ മന്‍സിലില്‍ ഹാഷ്മുദീന്‍ ആണ് പശുക്കളെ മൃഗാശുപത്രിയില്‍ കൊണ്ട് കെട്ടിയത്. കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് പശുക്കളെ മൃഗസംരക്ഷണ വകുപ്പ് സംരക്ഷിച്ചാല്‍ മതിയെന്ന് പറഞ്ഞാണ് മൃഗാശുപത്രിയില്‍ കൊണ്ട് കെട്ടിയത്.
പാറശാല അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ കെ.സി പ്രസാദും ഗ്രാമപഞ്ചായത്ത് അധികാരികളുമായി ചര്‍ച്ച നടത്തുകയും ആഴ്ചയില്‍ 10,000 ലിറ്റര്‍ വെള്ളം ഗ്രാമപഞ്ചായത്ത് അധികൃതര്‍ എത്തിച്ചുനല്‍കാമെന്ന ഉറപ്പിന്മേല്‍ കര്‍ഷകന്‍ പ്രതിഷേധം അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്തില്‍ നിന്ന് 5000 ലിറ്റര്‍ കൊള്ളുന്ന വാട്ടര്‍ ടാങ്കും ഹാഷ്മുദീന് നല്‍കി.
ഇന്നലെ രാവിലെ ഒമ്പത് മണിക്ക് മൃഗാശുപത്രി തുറന്നയുടന്‍ 14 പശുക്കളെ മൃഗാശുപത്രിക്കുള്ളില്‍ കൊണ്ട് കെട്ടിയശേഷം കര്‍ഷകന്‍ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ കൊണ്ടകെട്ടി സുരേന്ദ്രനും പഞ്ചായത്ത് അധികൃതരും മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം അവസാനിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ഹാഷ്മുദീന്‍ 14 പശുക്കളെയും അഴിച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങി. അമ്പൂരി ഗ്രാമപഞ്ചായത്ത് കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി എടുക്കാത്തതാണ് വേറിട്ട സമരം ഹാഷ്മുദീന്‍ നടത്തിയത്.
https://www.facebook.com/Malayalivartha






















