കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു വീടുകള്‍ കത്തി നശിച്ചു, സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് രണ്ടു വീടുകള്‍ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവായി. ക്രേവണ്‍ സ്‌കൂളിന് സമീപം ഉപാസന നഗറില്‍ പെരുമാള്‍, സിറാജ് എന്നിവരുടെ വീടുകളാണ് കത്തിനശിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. പെരുമാളിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചാണ് ദുരന്തമുണ്ടായത്. പൊട്ടിത്തെറിച്ച സിലിണ്ടറില്‍നിന്ന് വളരെ വേഗത്തില്‍ തീ മുറിക്കുള്ളിലേക്ക് പടരുകയായിരുന്നു. സമീപത്തെ സിറാജിന്റെ ടിന്‍ഷീറ്റ് മേഞ്ഞ വീട്ടിലേക്കും തീപടര്‍ന്നു. ഇരുവീടുകളിലേയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും മറ്റും പൂര്‍ണമായും കത്തിനശിച്ചു.
പെരുമാളിന്റെ വീട്ടിലുണ്ടായിരുന്ന 25 പവനോളം വരുന്ന സ്വര്‍ണാഭരണങ്ങളും കറന്‍സിയും കത്തിനശിച്ചതായും പറയപ്പെടുന്നു. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള മുറുക്ക് നിര്‍മാണ ഷെഡും കത്തിനശിച്ചു. കുണ്ടറ, ചവറ, ചിന്നക്കട, ചാമക്കട എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി രണ്ട് മണിക്കൂറോളം ശ്രമം നടത്തിയാണ് തീകെടുത്തിയത്. 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha






















