എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ : പുതിയ ചോദ്യപേപ്പര്‍ അച്ചടി തുടങ്ങി

സ്വകാര്യസ്ഥാപനം തയ്യാറാക്കിയ ചോദ്യപേപ്പറുമായി സാമ്യം കണ്ടെത്തിയതിനെതുടര്‍ന്ന് റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ വീണ്ടും നടത്താന്‍ ചോദ്യപേപ്പറിന്റ അച്ചടി തുടങ്ങി. തിങ്കളാഴ്ചയോടെ അച്ചടി പൂര്‍ത്തിയാക്കി അടുത്ത ദിവസം തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ എത്തിക്കും. കണക്ക് പരീക്ഷയുടെ ചോദ്യം തയ്യാറാക്കാനായി പുതിയ ചോദ്യകര്‍ത്താക്കളുടെ ബോര്‍ഡ് രൂപവത്കരിക്കുകയും ഇവരില്‍ നിന്ന് നാല് സെറ്റ് ചോദ്യങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായാണ് ഈ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മലയാളത്തിനുപുറമെ ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളില്‍ ചോദ്യപേപ്പര്‍ തയാറാക്കുന്ന ജോലിയും പൂര്‍ത്തിയാക്കി. നാലര ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷക്കുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്.
അതേസമയം, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എസ്.സി.ഇ.ആര്‍.ടിയില്‍ നിന്ന് ഡെപ്യൂേട്ടഷന്‍ റദ്ദാക്കി തിരിച്ചയച്ച കണ്ണൂര്‍ ചെറുകുന്ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുജിത്കുമാര്‍ എന്ന അധ്യാപകനാണ് വിവാദ ചോദ്യേപപ്പര്‍ തയാറാക്കിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. എസ്.സി.ഇ.ആര്‍.ടിയില്‍ നിന്ന് തിരിച്ചയച്ച ഇദ്ദേഹം എങ്ങനെ ചോദ്യകര്‍ത്താക്കളുടെ പാനലില്‍ കയറിപ്പറ്റിയെന്നത് പരിശോധിക്കും.
കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തക പരിഷ്‌കരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഇദ്ദേഹത്തിെന്റ എസ്.സി.ഇ.ആര്‍.ടിയിലെ സേവനം പിന്നീട് അവസാനിപ്പിക്കുകയായിരുന്നു. എസ്.സി.ഇ.ആര്‍.ടിയാണ് ചോദ്യകര്‍ത്താക്കളുടെ പാനല്‍ പരീക്ഷഭവന് കൈമാറുന്നത്. ഓരോ വിഷയത്തിനും ചെയര്‍മാനും നാല് ചോദ്യകര്‍ത്താക്കളും അടങ്ങുന്നതാണ് ബോര്‍ഡ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എ.ഇ.ഒ ആയി വിരമിച്ച മലപ്പുറം ജില്ലയില്‍ നിന്നുള്ള അധ്യാപകനാണ് കണക്ക് ചോദ്യബോര്‍ഡിെന്റ ചെയര്‍മാന്‍. വിരമിച്ചിട്ടും ഇദ്ദേഹത്തെ ചെയര്‍മാനാക്കിയതും വിവാദമായിട്ടുണ്ട്.
പാഠ്യപദ്ധതിപരിഷ്‌കരണം, അധ്യാപകപരിശീലനം എന്നിവയുടെയെല്ലാം ചുമതലയുള്ള സ്ഥാപനം എന്ന നിലയിലാണ് എസ്.സി.ഇ.ആര്‍.ടിയില്‍ നിന്ന് ചോദ്യകര്‍ത്താക്കളുടെ പാനല്‍ വാങ്ങുന്ന രീതി പിന്തുടര്‍ന്നിരുന്നത്. ഇതുമൂലം ചോദ്യകര്‍ത്താക്കളുടെയും ചെയര്‍മാന്റേയും പേരുവിവരം ഏറക്കുറെ അധ്യാപകര്‍ക്കിടയില്‍ പരസ്യമാകാറുമുണ്ട്. ഈ സാഹചര്യത്തില്‍ ചോദ്യകര്‍ത്താക്കളുടെ പാനല്‍ തയാറാക്കുന്ന ചുമതല പരീക്ഷഭവന്‍ തന്നെ ഏറ്റെടുക്കുന്നതും പരിഗണനയിലാണ്.
ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ വീഴ്ച വരുത്തിയ അധ്യാപകനെതിരെ നടപടിക്ക് വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷ ജോയന്റ് കമീഷണറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും തുടരന്വേഷണം നടത്തിയ ശേഷം നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് പറഞ്ഞു. അധ്യാപകനെതിരെ തിങ്കളാഴ്ച നടപടിയുണ്ടാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























