നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലമെന്ന് റിപ്പോര്‍ട്ട്

നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയത് തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലമാണ് നല്‍കിയെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയില്‍ ഇല്ലാത്ത അപ്പീല്‍ ഉണ്ടെന്നു പറഞ്ഞു സര്‍ക്കാര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ലക്ഷ്മണ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചശേഷവും കേസ് പരമോന്നത കോടതിയുടെ പരിഗണനയിലാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
അപ്പീല്‍ പിന്‍വലിച്ചു നാലു മാസത്തിനുശേഷമാണ് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വര്‍ഗീസിനെ കവര്‍ച്ചക്കാരനാക്കിയതും ഇതേ സത്യവാങ്മൂലത്തിലായിരുന്നു. വര്‍ഗീസിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നിഷേധിക്കുന്നതിനായാണ് സര്‍ക്കാര്‍ കള്ളക്കളി നടത്തിയതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 
2016 ജൂലൈ 22നു മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനയാണ് സത്യവാങ്മൂലം നല്‍കിയത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതായി തലശേരി ഡിവൈഎസ്പിയായിരുന്ന കെ. ലക്ഷ്മണ വ്യക്തമാക്കിയിരുന്നു. 
1970 ഫെബ്രുവരി 18നായിരുന്നു മരണം. വര്‍ഗീസിനെ ലക്ഷ്മണയുടെ ഉത്തരവനുസരിച്ച് താനാണ് വെടിവച്ചു കൊന്നതെന്ന് അന്നത്തെ പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998 ല്‍ വെളിപ്പെടുത്തിയതോടെ സംഭവം വീണ്ടും വാര്‍ത്തയായി. തുടര്‍ന്ന് അന്വേഷണം നടത്തിയ സിബിഐ നല്‍കിയ കുറ്റപത്രമനുസരിച്ച് കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്മണയെ കോടതി ശിക്ഷിച്ചു. പിന്നീട് പ്രായം കണക്കിലെടുത്ത് ലക്ഷ്മണയുടെ ശിക്ഷ ഇളവ് ചെയ്തു നല്‍കി. ഇതോടെയാണ് ലക്ഷ്മണ കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചത്. 
എന്നാല്‍ പിന്നീട് ഇത് മറച്ചുവച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. കൊലക്കേസിലും കവര്‍ച്ചക്കേസിലും പ്രതിയായ കൊടുംകുറ്റവാളിയായിരുന്നു നക്‌സല്‍ വര്‍ഗീസെന്നും പോലീസുമായുള്ള ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വര്‍ഗീസിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയില്ലെന്നും ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍. സന്തോഷ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 
നക്‌സല്‍ വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സഹോദരന്‍ എ. തോമസ് ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. 
https://www.facebook.com/Malayalivartha
























