അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്

കണ്ണൂര്‍ തളിപ്പറമ്പ് കുറുമാത്തൂര്‍ പോക്കുണ്ടിന് സമീപം ഇന്നലെ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം അമ്മ എറിഞ്ഞു കൊന്നതാണെന്ന് സൂചന. പൊക്കുണ്ട് ഹിലാല്‍ മന്‍സില്‍ ടി.കെ. ജാബിറിന്റെയും മൂലക്കല്‍ പുതിയ പുരയില്‍ മുബഷിറയുടെയും മകന്‍ ആമിഷ് അലന്‍ ആണ് ഇന്നലെ രാവിലെ 10 മണിയോടെ വീടിന്റെ കുളിമുറിയോടു ചേര്‍ന്നുള്ള കിണറ്റില്‍ വീണു മരിച്ചത്. കുളിപ്പിക്കുന്നതിനിടയില്‍ കൈയില്‍ നിന്ന് അറിയാതെ കിണറ്റില്‍ വീണ് എന്നാണ് അമ്മ മുബഷിറ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി കൈതട്ടി വീണെന്നത് പറഞ്ഞതില്‍ ഇന്നലെ തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷെ മുബഷിറ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി കുതറുകയും അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞത് സംശയം ഇല്ലാതാകാന്‍ ഒരു കാരണം ആവുകയായിരുന്നു. കിണര്‍ ഗ്രില്‍ കൊണ്ട് അടച്ചിരുന്നുവെങ്കിലും കുളിമുറിയോടു ചേര്‍ന്ന് തുറന്നുവച്ച ഭാഗത്തുകൂടിയാണ് കുട്ടി കിണറ്റില്‍ വീണത്.
വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ഉടന്‍ തന്നെ പുറത്തെടുത്ത് തളിപ്പറമ്പ് സഹകരണ ആശുപ്രതിയിലും തുടര്‍ന്നു പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് തന്നെ പൊലീസ് മുബഷിറയെ ചോദ്യം ചെയ്തിരുന്നു.
ഇന്നു രാവിലെയും പൊലീസ് ചോദ്യം ചെയ്യല്‍ തുടര്‍ന്നതോടെയാണ് കുട്ടിയെ കിണറ്റില്‍ എറിഞ്ഞതാണെന്ന സൂചന ലഭിച്ചത്. മുബഷിറ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വീട്ടിലാണ്. കൂടുതല്‍ കാര്യങ്ങള്‍ വൈകിട്ടോടെയെ പറയാന്‍ സാധിക്കൂ എന്ന് ഡിവൈഎസ്പി പറഞ്ഞു. കുട്ടിയുടെ പിതാവ് ജാബിര്‍ കുടക് കുശാല്‍ നഗറില്‍ വ്യാപാരിയാണ്. സഹോദരങ്ങള്‍: സഫ, അല്‍ത്താഫ്, അമന്‍.
https://www.facebook.com/Malayalivartha


























