കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കമിതാക്കളുടെ മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചി കടലില്‍

ഫോര്‍ട്ട്‌കൊച്ചി കമാലക്കടവില്‍ കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ രണ്ടു ജഡം കരയ്ക്കടിഞ്ഞു. തൃപ്പൂണിത്തുറ ഹില്‍പാലസ് സ്വദേശിനി ലയയും തേവര സ്വദേശി സന്ദീപുമാണ് മരിച്ചതെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രണയ നൈരാശ്യമാണ് കാരണമെന്നാണ് വിലയിരുത്തല്‍.
രാവിലെ ഏഴരയോടെയാണ് ഫോര്‍ട്ട് കൊച്ചി കല്‍വത്തിക്കടുത്ത് മുപ്പതു വയസ്സില്‍ താഴെ പ്രായമുളള യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി തീരദേശ പൊലീസിന് വിവരം കിട്ടിയത്. തുടര്‍ന്ന്, ദിവസങ്ങളോളം പഴകിയ നിലയിലായിരുന്ന മൃതദേഹങ്ങള്‍ ആസ്പിന്‍വാളിനു സമീപത്തെ കടത്തുകടവ് ഹാര്‍ബറിലേക്കു നീക്കി. യുവതിയുടെ ഇടതു കയ്യും യുവാവിന്റെ വലതു കയ്യും തമ്മില്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു.
വിശദമായ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ ലയയുടെയും സന്ദീപിന്റെയുമാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും കാണാനില്ലെന്ന് തേവര, ഹില്‍പാലസ് സ്‌റ്റേഷനുകളില്‍ രണ്ടു ദിവസം മുമ്പ് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഇവര്‍ പ്രണയത്തിലായിരുന്നെന്നും എന്നാല്‍ ഇരുവീട്ടുകാരും എതിര്‍ത്തിരുന്നെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ മനംമടുത്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പ്രാഥമിക നിഗമനം. മറ്റു സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























