കൊച്ചി നഗരത്തെ വിറപ്പിച്ച് വീണ്ടും ഗുണ്ടാ ആക്രമണം

സൗത്ത് റെയില്‍വെ സ്‌റ്റേഷന് സമീപം കാരിയര്‍ സ്‌റ്റേഷന്‍ റോഡില്‍ ബുധനാഴ്ചയാണ് ആക്രമണം ഉണ്ടായത്. രാത്രി പത്തരയോടെയാണ് സംഭവം. മാളിയേക്കല്‍ ജോജോ ജോസിയാണ് ആക്രമണത്തിന് ഇരയായത്. റെയില്‍വെ സ്‌റ്റേഷനിലെ ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആറംഗ ഗുണ്ടാ സംഘം ജോജോയെ ആക്രമിച്ചത്. രാത്രി വടിവാളും കമ്പി വടികളുമായെത്തിയ സംഘം ജോജോയെ ആക്രമിക്കുകയായിരുന്നു. ക്വട്ടേഷന്‍ ഗുണ്ടാ സംഘങ്ങളിലുള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നതായി പിണറായി സര്‍ക്കാര്‍ വീമ്പ് പറയുന്നതിനിടെയാണ് നാടിനെ ഞെട്ടിച്ച് ഗുണ്ടാ സംഘങ്ങള്‍ അഴിഞ്ഞാടിയത്.
ആക്രമണത്തില്‍ തലയ്ക്കും കൈക്കും പരുക്കേറ്റ ജോജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിയാണ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത്. സൗത്ത് റെയില്‍വെസ്‌റ്റേഷനിലെ വെജിറ്റേറിയന്‍ ഹോട്ടല്‍ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണം. ഹോട്ടലിന്റെ ഒരു വര്‍ഷത്തെ നടത്തിപ്പു കരാര്‍ നേടിയിരുന്നത് കണ്ണൂര്‍ സ്വദേശിയാണ്. ദിവസം 37000 രൂപ റെയില്‍വേയ്ക്ക് നല്‍കാമെന്നായിരുന്നു കരാര്‍. കഴിഞ്ഞ മെയ് മുതല്‍ ഈ മെയ് വരെയാണ് റെയില്‍വെ കരാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇത് 50,000 രൂപ ദിവസ വാടകയില്‍ ജോജോയ്ക്ക് ഇയാള്‍ മറിച്ചു നല്‍കി. ഓഗസ്റ്റ് 15നാണ് ജോജോയ്ക്ക് ഇയാള്‍ കരാര്‍ നല്‍കിയത്. 1.37 കോടി രൂപ മുന്‍ കൂറായി കൈമാറുകയും ചെയ്തിരുന്നതായി ജോജോ പറയുന്നു. കരാറനുസരിച്ച് ഈ ഓഗസ്റ്റ് വരെ ജോജോയ്ക്ക് തുടരാം.
എന്നാല്‍ മെയ് നാലിന് മുൻപ് ഹോട്ടല്‍ ഒഴിയണമെന്ന് കണ്ണൂരുകാരന്‍ ജോജോയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോജോ ഇതിന് തയ്യാറായിരുന്നില്ല. കഴിഞ്ഞ നവംബര്‍,ഡിസംബര്‍ മാസങ്ങളില്‍ റെയില്‍വെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ഹോട്ടലിന് വന്‍ നഷ്ടം സംഭവിച്ചിരുന്നു. 23 ലക്ഷം രൂപയാണ് നഷ്ടമായത്. ഇതിന്റെ മൂന്നിലൊന്നു നല്‍കിയാല്‍ ഒഴിയാമെന്ന് ജോജോ വ്യക്തമാക്കിയിരുന്നു. ഇത് കണ്ണൂര്‍ സ്വദേശി ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതിനെ ചൊല്ലി കണ്ണൂരുകാരന്റെ മകനും ജോജോയും തമ്മില്‍ വാക്കേറ്റവും ഉണ്ടായിരുന്നു.
ഇതിനെ തുടര്‍ന്നാണ് ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് ആരോപണം. ക്വട്ടേഷനാണെന്ന് വ്യക്തമാക്കിയ ശേഷമാണ് ആറംഗ ഗുണ്ടാ സംഘം ആക്രമിച്ചത്. വീടിനടുത്ത് നിന്ന് ഏതാനും മീറ്റര്‍ അകലെ വച്ചായിരുുന്നു ജോജോ ആക്രമിക്കപ്പെട്ടത്. സുഹൃത്ത് ടിബിനൊപ്പം കാറില്‍ വരുമ്‌ബോഴായിരുന്നു ആക്രമണം. കലൂരും പരിസരത്തും ഗുണ്ടാ പ്രവര്‍ത്തനം നടത്തുന്ന സംഘമാണ് ആക്രമണം നടത്തിയത്. ജോജോയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍ പറഞ്ഞു. അതിനിടെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി എതിര്‍ കക്ഷിക്കാര്‍ ജോജോയ്‌ക്കെതിരെയും പരാതി നല്‍കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























