കെഎസ്ആര്‍ടിസിയില്‍ പരാതി പറയാന്‍ വിളിച്ചാല്‍ അടിപൊളി പാട്ട്, നിവൃത്തിയില്ലാതെ പരാതിക്കാര്‍ ചെയ്യുന്നതോ...

പരാതി പറയാന്‍ കെ.എസ്.ആര്‍.ടി.സി. അധികൃതരെ ഫോണില്‍ വിളിച്ചാല്‍ അടിപൊളി ഗാനങ്ങള്‍ കേട്ട് ആനന്ദിക്കാം. ദേഷ്യം വന്നാല്‍ കട്ട് ചെയ്യുകയല്ലാതെ വേറെ വഴിയില്ല. കോളര്‍ ട്യൂണായി സെറ്റ് ചെയ്ത ഹിന്ദി, തമിഴ്, മലയാളം ഗാനങ്ങള്‍ കേട്ടു മതിവന്നാലും അങ്ങേത്തലയ്ക്കല്‍ ആരും ഫോണ്‍ എടുക്കണമെന്നുമില്ല. ഈ വിളിപ്പാട്ടിലൂടെ കോര്‍പറേഷനു പ്രതിമാസം ചെലവാകുന്നത് ആയിരക്കണക്കിനു രൂപ.
മുന്‍സര്‍ക്കാരില്‍ ആര്യാടന്‍ മുഹമ്മദ് ഗതാഗതമന്ത്രിയായിരിക്കേ യാത്രക്കാരെ വാഹനാപകടങ്ങളെപ്പറ്റി ബോധവാന്മാരാക്കാന്‍ ലക്ഷ്യമിട്ട് നടന്‍ സുരേഷ് ഗോപിയെപ്പോലുള്ളവരുടെ സന്ദേശങ്ങള്‍ കോളര്‍ ട്യൂണായി ഉന്നത കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണില്‍ മുഴങ്ങിയിരുന്നു. ഡി.ടി.ഒമാര്‍, സോണല്‍ ഓഫീസര്‍മാര്‍, റീജണല്‍ വര്‍ക്‌ഷോപ് മാനേജര്‍മാര്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍മാര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, ടയര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ ഫോണുകളിലായിരുന്നു ഈ സംവിധാനം. ഇത് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന നാളുകള്‍ വരെ തുടര്‍ന്നു.
എന്നാല്‍ പിന്നീടു സന്ദേശങ്ങള്‍ക്കു പകരം സിനിമാ ഗാനങ്ങള്‍ മുതല്‍ പാരഡി ഗാനങ്ങള്‍ വരെ കോളര്‍ ട്യൂണായി പലരും സ്വീകരിച്ചു. ഇപ്പോള്‍ ഭക്തിഗാനങ്ങള്‍ക്കാണു ഡിമാന്‍ഡ്. ചിലര്‍ കോമഡി കേള്‍പ്പിച്ച് പരാതിക്കാരെ രസിപ്പിക്കാന്‍ തീരുമാനിച്ചു. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഉന്നതോദ്യോഗസ്ഥര്‍ക്കു ബി.എസ്.എന്‍.എല്‍. സിം കാര്‍ഡുകളാണു നല്‍കിയിരുന്നത്.
പ്രതിമാസം കോളര്‍ ട്യൂണിനു മാത്രം ചെലവ് 42 രൂപ. നൂറിലേറെ ഉദ്യോഗസ്ഥര്‍ക്ക് ഈ സംവിധാനം അനുവദിച്ചിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കോളര്‍ ട്യൂണ്‍ ദുരുപയോഗം വര്‍ധിച്ചെന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha

























