മൂന്ന് കോടിയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍

വിപണിയില്‍ മൂന്ന് കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ മേഡേണ്‍ ബസാര്‍ സ്വദേശി ആഷിഖിനെ(39)യാണ് എക്‌സൈസ് സംഘം പിടി കൂടിയത്. ഇന്നലെ ഉച്ചക്ക് ഒന്നോടെ കോഴിക്കോട് ടൗണ്‍സ്‌റ്റേഷനുസമീപത്തെ പ്രസ്‌റ്റേജ് ഹോട്ടലില്‍ വച്ചാണ് ആവശ്യക്കാര്‍ എന്ന വ്യാജേനെ സമീപിച്ച് എക്‌സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്.
നിരന്തരം ഫോണില്‍ബന്ധപ്പെട്ട് വിശ്വാസം നേടിയെടുത്തശേഷം ഹോട്ടലിലെ താമസിച്ച മുറിയില്‍ നിന്നും മയക്കുമരുന്ന് പിടിച്ചെടുക്കുകയായിരുന്നു. അഞ്ച്കിലോ കറപ്പും 70 ഗ്രാം ബ്രൗണ്‍ഷുഗറുമാണ് ഇവിടെനിന്ന് കണ്ടെത്തിയത്. സംസ്ഥാനത്തെ തന്നെ പ്രധാന മയക്കുമരുന്ന വ്യാപാര ശൃംഖലയിലെ കണ്ണിയാണിയാളെന്ന് എക്‌സൈസ് പൊലീസ് അറിയിച്ചു. രാജസ്ഥാനില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത്.
ഒരുമാസത്തോളമായി ആഷിക് എക്‌സൈസ് നിരീക്ഷണവലയത്തിലായിരുന്നു. നാല് വര്‍ഷത്തോളമായി ഈ ഹോട്ടലിലെ 11ാം നമ്പര്‍ മുറിയിലാണ് താമസം. വൈകുന്നേരങ്ങളില്‍ മാത്രമാണ് ഇയാള്‍ പുറത്തിറങ്ങാറുള്ളത്. കൂടുതല്‍ സമയവും ഫോണില്‍ സംസാരിച്ചു നടക്കുന്ന പ്രതിയെ അസമയങ്ങളില്‍ റെയില്‍വേസ്‌സ്‌റ്റേഷനുകളിലും പുതിയ ബസ്റ്റാന്‍ഡിലും കാണാറുണ്ടെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇടയ്ക്ക് രാജസ്ഥാനിലേക്ക് പോയാല്‍ ആഴ്ചകള്‍ കഴിഞ്ഞാണ് തിരിച്ചുവരിക. പിന്നെ ഹോട്ടല്‍ മുറിയില്‍ താമസിക്കും. ഇയാളെ നിരീക്ഷിച്ച ശേഷം ഫോണില്‍ ബന്ധപ്പെട്ട് മയക്കുമരുന്ന് ആവശ്യമുണ്ടെന്ന് അറിയിച്ചാണ് എക്‌സൈസ് സംഘം സമീപിച്ചത്. തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടശേഷമാണ് സാമ്പില്‍ നല്‍കാന്‍ ആഷിക് സമ്മതിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുറിയില്‍ കിടക്കക്കടിയില്‍ ഒളിപ്പിച്ചുവച്ചനിലയിലായിരുന്നു കറപ്പ് കണ്ടെത്തിയത്. ബ്രൗണ്‍ഷുഗര്‍ വില്‍പനക്കെത്തിക്കാറുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നുവെങ്കിലും ഇത്രമാത്രം കറപ്പ് ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്ന് ഹോട്ടലില്‍ എത്തിയപ്പോഴാണ് വ്യക്തമായത്. സംഭവമറിഞ്ഞ് കൂടുതല്‍ ആളുകള്‍ ഹോട്ടലില്‍ എത്തിയതോടെ പ്രതിയുമായി സിവില്‍സ്‌റ്റേഷനിലെ എക്‌സൈസ് ഓഫീസിലേക്കെത്തുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ക്ക് ഇയാളുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചവരികയാണ്. ഇവിടുത്തെ രജിസ്റ്ററുകളും മറ്റുരേഖകളും പൊലീസ് പിടിച്ചെടുത്തു.
അതേസമയം നാലുവര്‍ഷമായി ഇവിടെ താമസിച്ചിട്ടും ഇയാളെകുറിച്ച് സംശയമൊന്നും തോന്നിയില്ലെന്ന ഹോട്ടല്‍ ഉടമയുടെ വാദം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യലിനോട് പ്രതി പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡും എക്‌സൈ് ഇന്റലിജന്‍സ് ബ്യൂറോയും നടത്തിയ സംയുക്ത റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണപിള്ള, എക്‌സൈ് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍, ജിജോ ജയിംസ്, അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സതീശന്‍, യൂസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജേഷ്, രാമകൃഷ്ണന്‍, അസ്‌ലം, സാജു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മഞ്ജും രശ്മി,ഡ്രൈവര്‍ മനോജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രത്യേകസംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം. സമീപകാലത്ത് എക്‌സൈസ് നടത്തിയ ഏറ്റവും വലിയ റെയ്ഡാണിതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























