നാടിനെ കണ്ണീര്‍മഴ നനച്ചുകൊണ്ട് ദ്രാവിഡിനും കാശിനാഥനും യാത്രാമൊഴി

തോരാതെപെയ്ത മഴയേക്കാള്‍ കണ്ണീര്‍ പ്രവാഹമായിരുന്നു കണ്ണമംഗലം തെക്ക് ഗ്രാമത്തില്‍. പുത്തനുടുപ്പും ബാഗുമായി വിദ്യാലയത്തിലേക്കു പോയി ആഹ്ലാദം വിരിയേണ്ട നിമിഷങ്ങളില്‍ കുരുന്നുകളുടെ ചേതനയറ്റ ശരീരമാണു രണ്ടു വീടുകളില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം കണ്ണമംഗലം തെക്ക് ഗൗരീശ്വരം റോഡിനു സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണു മരിച്ച ചെട്ടികുളങ്ങര ആയില്യം സ്റ്റുഡിയോ ഉടമ കണ്ണമംഗലം തെക്ക് കോട്ടൂര്‍ വടക്കേതില്‍ ദയാലിന്റെയും രേവതിയുടെയും മകന്‍ ദ്രാവിഡ് (10), സ്വകാര്യ ബസ് ഉടമ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് മലയില്‍ കൊച്ചുവീട്ടില്‍ രാജേഷിന്റെയും ലക്ഷ്മിയുടെയും മകന്‍ കാശിനാഥ് (ഏഴ്) എന്നിവര്‍ക്കാണു നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാവേലിക്കരയില്‍ ആദ്യം എത്തിച്ച ദ്രാവിഡിന്റെ മൃതദേഹം വിദ്യാധിരാജ വിദ്യാപീഠത്തില്‍ പൊതുദര്‍ശനത്തിനു വച്ചു.
ഇതിനു ശേഷം ഇരുമൃതദേഹങ്ങളും തട്ടാരമ്പലം ജംക്ഷനില്‍ നിന്നു വിലാപയാത്രയായി കണ്ണമംഗലത്തു കൊണ്ടുവന്നു. കിഴക്കേ ആല്‍ത്തറയ്ക്കു സമീപം പ്രത്യേകം തയാറാക്കിയ സ്ഥലത്തു പൊതുദര്‍ശനത്തിനു വച്ച കുരുന്നുകളുടെ ചേതനയറ്റ ശരീരത്തില്‍ ആയിരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് ഇരുവീടുകളിലേക്കും എത്തിച്ച മൃതദേഹങ്ങള്‍ ഒരു നോക്കു കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചു സ്ത്രീകളടക്കം ധാരാളം പേര്‍ എത്തിയിരുന്നു. നാലരയോടെ മൃതദേഹങ്ങള്‍ വീട്ടുവളപ്പുകളില്‍ സംസ്‌കരിച്ചു.

കെ.സി.വേണുഗോപാല്‍ എംപി, പ്രതിഭ ഹരി എംഎല്‍എ, മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ്, ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.ക!ൃഷ്ണമ്മ, ജില്ലാ പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍, ഡിസിസി പ്രസിഡന്റ് എം. ലിജു, ബിജെപി ജില്ലാ പ്രസിഡന്റ് കെ.സോമന്‍ എന്നിവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
https://www.facebook.com/Malayalivartha























