വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരുവില്‍ യുവാവിന് ദാരുണാന്ത്യം. ഏകദേശം 2.5 ലക്ഷം രൂപ വിലവരുന്ന അപൂര്‍വ്വ ഇനം തത്തയെയാണ് യുവാവ് വളര്‍ത്തിയിരുന്നത്. വെള്ളിയാഴ്ച ബംഗളൂരുവിലെ ഗിരിനഗര്‍ ഭാഗത്താണ് സംഭവം നടന്നത്. മക്കാവു ഇനത്തില്‍പ്പെട്ട തത്തയെയാണ് അരുണ്‍ കുമാര്‍ വീട്ടില്‍ വളര്‍ത്തിയിരുന്നത്. കൂട്ടില്‍ നിന്ന് പറന്നുപോയ തത്ത സമീപത്തെ വൈദ്യുതി ലൈനിന് സമീപം അപകടകരമായ നിലയില്‍ ഇരിക്കുകയായിരുന്നു. ഇത് കണ്ട അരുണ്‍ കുമാര്‍ തത്തയെ തിരികെ കൊണ്ടുവരാന്‍ സ്വയം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
തത്തയെ രക്ഷപ്പെടുത്താനായി അരുണ്‍ കുമാര്‍ ഒരു സ്റ്റീല്‍ പൈപ്പുമായി കോമ്പൗണ്ട് ഭിത്തിയില്‍ കയറി. തത്തയുടെ അടുത്തേക്ക് പൈപ്പ് നീട്ടുന്നതിനിടെ അവിചാരിതമായി അത് ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍ തട്ടി. ഉടന്‍ തന്നെ അരുണ്‍ കുമാറിന് ശക്തമായ വൈദ്യുതാഘാതമേല്‍ക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോമ്പൗണ്ട് മതിലില്‍ നിന്ന് താഴേക്ക് വീഴുകയും ചെയ്തു.
അപകടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ് നടത്തുകയായിരുന്നു മരണപ്പെട്ട അരുണ്‍ കുമാര്‍. സംഭവത്തില്‍ ഗിരിനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























