ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം....

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് പരാജയം. 51 റണ്‍സിന്റെ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. പ്രോട്ടീസ് ഉയര്‍ത്തിയ 214 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം 19.1 ഓവറില്‍ 162 റണ്‍സില്‍ അവസാനിച്ചു.
ജയത്തോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. 34 പന്തില്‍ 5 സിക്‌സും 2 ഫോറും സഹിതം 62 ഒരു ഭാഗത്ത് പൊരുതി നിന്ന തിലക് വര്‍മയ്ക്ക് ഇന്ത്യയെ ജയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. പത്താം വിക്കറ്റായി താരം വീണതോടെ ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശ്ശീല വീണു. അവസാന അഞ്ച് വിക്കറ്റുകള്‍ വെറും അഞ്ച് റണ്‍സിനെ നിലംപൊത്തി.
17 പന്തില്‍ 27 റണ്‍സെടുത്ത ജിതേഷ് ശര്‍മ, 20 റണ്‍സെടുത്ത കഴിഞ്ഞ മത്സരത്തിലെ ഹീറോ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. ജിതേഷ് രണ്ട് വീതം സിക്‌സും ഫോറും ഹര്‍ദിക് ഒരു സിക്‌സും തൂക്കി. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്കു 67 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് 4 വിക്കറ്റുകള്‍. ഓപ്പണിങ് സ്ഥാനത്ത് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ കൂടുതല്‍ ദയനീയമായിരുന്നു ഇന്ന്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറി. മറുഭാഗത്ത് അഭിഷേക് ശര്‍മ രണ്ട് സിക്‌സടിച്ച് 8 പന്തില്‍ 17 റൺസെടുത്തു നില്‍ക്കെ പുറത്താകുകയായിരുന്നു.
ഫോം ഔട്ടിലുള്ള ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വീണ്ടും നിരാശപ്പെടുത്തി. താരം 5 റണ്‍സുമായി മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച അക്ഷര്‍ പട്ടേല്‍- തിലക് വര്‍മ സഖ്യം സ്‌കോര്‍ മുന്നോട്ടു മികച്ച രീതിയില്‍ കൊണ്ടു പോകുന്നതിനിടെ അക്ഷറും പുറത്ത്. താരം ഓരോ സിക്‌സും ഫോറും സഹിതം 21 പന്തില്‍ 21 റണ്‍സെടുത്തു മടങ്ങി.
പ്രോട്ടീസ് നിരയില്‍ അവസാന ഘട്ടത്തില്‍ മാരകമായി പന്തെറിഞ്ഞ് ഒട്ട്‌നീല്‍ ബാര്‍ട്മാനാണ് ഇന്ത്യന്‍ ഇന്നിങ്‌സ് 20 ഓവര്‍ തികയ്ക്കാന്‍ അനുവദിക്കാതെ അവസാനിപ്പിച്ചത്.
അതേസമയം നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറുയര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























