തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദിയും രാഹുൽ ഗാന്ധിയും ;ജനാധിപത്യത്തിന്റെ സൗന്ദര്യം എന്ന് ശശി തരൂർ ; പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയ്യാറായി ബി.ജെ.പി മേയർ

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നൽകിയതിന് നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പി- എൻ.ഡി.എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്തെത്തുമ്പോൾ തിരുവനന്തപുരത്തെ ബി.ജെ.പി മേയർ സ്വീകരിക്കാനുണ്ടാകും. ആ ലക്ഷ്യം യാഥാർത്ഥ്യമാവുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചത് വലിയ മുന്നേറ്റമാണെന്നും സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തിരുവനന്തപുരത്ത് ഞങ്ങൾ മാറ്റം കൊണ്ടുവന്നു. ഇനി നിയമസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ മാറ്റം ആവശ്യപ്പെടുന്നുണ്ട്. അതിനുവേണ്ടി പ്രവർത്തിക്കും. ഇതൊരു തുടക്കം മാത്രമാണെന്നും തലസ്ഥാന നഗരത്തിലെ ഭരണം ബി.ജെ.പി.കൈയ്യടക്കിയതിന്റെ ആഹ്ളാദം പ്രകടിപ്പിച്ച് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭ ബിജെപി പിടിച്ചത് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നാണ് കോൺഗ്രസ് എംപി ശശി തരൂർ പ്രതികരിച്ചത്.
തിരുവനന്തപുരത്തെ ജനങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്‌ക്കും നന്ദിയെന്നും ബിജെപി പ്രവർത്തകർക്ക് അഭിനന്ദനങ്ങളെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു.ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയും കേരളത്തിലെ രാഷ്‌ട്രീയ മാറ്റത്തെ സ്വാഗതം ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിന്നതിന് കേരളത്തിലെ ജനങ്ങൾക്ക് ഹൃദയംഗമമായ നന്ദി. ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണ് പുറത്തുവന്ന ഫലം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത കേരളം എന്ന ദർശനത്തെ ജനങ്ങൾ വിശ്വസിക്കുന്നുവെന്നും ജെ പി നദ്ദ എക്സിൽ കുറിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എംഎം മണിയുടെ വിവാദ പോസ്റ്റെന്നും സതീശൻ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























