ലുക്കൗട്ട് സർക്കുലറിന് പിന്നാലെ ഒളിവിലിരുന്നു മത്സരിച്ച യുഡിഎഫ് സ്ഥാനാർഥിയ്ക്ക് കന്നി മത്സരത്തിൽ മിന്നും ജയം

കട്ടിപ്പാറ ഇറച്ചിപ്പാറയിലെ ഫ്രഷ്‌കട്ട് പ്ലാന്റ് കോഴിയറവു മാലിന്യപ്ലാന്റിലേക്ക് അതിക്രമിച്ചുകയറി അക്രമം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 21-ന് രജിസ്റ്റർചെയ്ത കേസിലും ഒക്ടോബർ 21-ലെ ഫ്രഷ്‌കട്ട് സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ചുകയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലും പ്രതിചേർക്കപ്പെട്ടിരുന്ന വെഴുപ്പൂർ നടുവിൽപീടിക സൈനുൽ ആബിദ്ദീൻ എന്ന കുടുക്കിൽ ബാബുവിനെതിരേ താമരശ്ശേരി പോലീസ് നേരത്തേ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുതുള്ളിപ്പുഴ സംരക്ഷണ ജനകീയ സമരസമിതിയുടെ ചെയർമാനായ ബാബു കുടുക്കിലിനെ താമരശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുതുതായി രൂപവത്കരിക്കപ്പെട്ട 11-ാം വാർഡായ കരിങ്ങമണ്ണയിലെ യുഡിഎഫ് സ്ഥാനാർഥിയായി മുസ്‌ലിം ലീഗ് അവതരിപ്പിച്ചത്.
ലീഗ് പ്രവർത്തകരുടെ സഹായത്തോടെ ഇദ്ദേഹം ഒളിവിലിരുന്നുകൊണ്ട് നാമനിർദേശപത്രിക സമർപ്പിച്ചു . ഒരൊറ്റ ദിവസംപോലും പ്രചാരണത്തിനിറങ്ങാൻ സാധിച്ചുമില്ല. ബാബുവിന്റെ അസാന്നിധ്യത്തിൽ യുഡിഎഫ് പ്രവർത്തകരായിരുന്നു വാർഡിലെ വീടുകൾ കയറിയിറങ്ങി വോട്ടഭ്യർഥിച്ച് പ്രചാരണംനടത്തിയത്. സമരസമിതിക്കാരായ വോട്ടർമാരിൽ പലരും സ്ഥാനാർഥിയെപ്പോലെ ഒളിവിലായിരുന്നു. അതിനുപുറമേ അതേ സമരസമിതിയുടെ ഭാരവാഹിയായ മുൻ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് വിമതസ്ഥാനാർഥിയായി മത്സരരംഗത്തുണ്ടായിരുന്നു. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ ഒളിവിലിരുന്ന് മത്സരിച്ച സ്ഥാനാർഥിക്ക് 225 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മികച്ചജയം.അഞ്ചിനെതിരേ 17 സീറ്റിന് യുഡിഎഫ് അധികാരം നിലനിർത്തിയ താമരശ്ശേരി പഞ്ചായത്തിൽ, കരിങ്ങമണ്ണയിലെ വോട്ടർമാർ ബാബു കുടുക്കിലിന് 599 വോട്ടുകളാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha
























