പുതുവൈപ്പിന്‍കാരെ തല്ലിയോടിച്ച യതീഷ് ചന്ദ്രയെ ഓര്‍മ്മയുണ്ടോ സഖാവേ?

എറണാകുളം റൂറല്‍ എസ്.പിയായിരിക്കെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ തല്ലി ചതച്ച ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ഡിസിപി യതീഷ് ചന്ദ്രയെന്ന് ആഭ്യന്തര മന്ത്രി പിണറായി വിജയനെങ്കിലും ഓര്‍മ്മ കാണുമോ?
അതേ യതീഷ് ചന്ദ്രയാണ് പുതുവൈപ്പിനിലെ ഐ.ഒ.സി. പ്ലാന്റിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട മത്സ്യതൊഴിലാളികളെ ഞായറാഴ്ച തല്ലി ചതച്ചത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് യതീഷ് ചന്ദ്ര സി പി എമ്മിന്റെ ഓഫീസില്‍ കയറി പ്രവര്‍ത്തകരെ തല്ലിയത്. ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നു അത്. അങ്കമാലിയില്‍ സമരത്തിനെത്തിയ പ്രവര്‍ത്തകര്‍ പോലീസ് വ്യൂഹത്തിനു നേരേ കല്ലെറിഞ്ഞു. യതീഷ് ചന്ദ്രയാണ് പോലീസ് ടീമിനെ നയിച്ചിരുന്നത്. അദ്ദേഹം പ്രകോപിതനായി. കിട്ടിയവരെയൊക്കെ തല്ലി. പിന്നീട് രണ്ടാം നിലയിലെ പാര്‍ട്ടി ഓഫീസിനെ നോക്കി അലറി തകര്‍ത്തു. സമരക്കാര്‍ക്ക് തന്നെ നേരിടാന്‍ ധൈര്യമുണ്ടോ എന്നായിരുന്നു ചോദ്യം. പ്രവര്‍ത്തകര്‍ ഭയന്നോടി. ഇതെല്ലാം കേരളം ടിവിയില്‍ കണ്ടതാണ്.
സി പി ഐ എം അധികാരത്തിലെത്തിയാല്‍ യതീഷ് ചന്ദ്രയെ മുക്കാലിയില്‍ കെട്ടിയിട്ട് തല്ലുമെന്നൊക്കെയായിരുന്നു പ്രകോപനം. അന്നത്തെ പാര്‍ട്ടി എറണാകുളം ജില്ലാ സെക്രട്ടറിയൊക്കെ മൈക്ക് കെട്ടി വച്ച് ഘോരം ഘോരം പ്രസംഗിച്ചു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യതീഷ് ചന്ദ്രയെ എറണാകുളം ഡി. സി പി എന്ന ഗ്ലാമര്‍ തസ്തികയില്‍ നിയമിച്ചു. സി പി എം ജില്ലാ സെക്രട്ടറി പി രാജീവിന്റെ അനുമതിയില്ലാതെ ഇങ്ങനെയൊരു ഗ്ലാമര്‍ തസ്തികയില്‍ അദ്ദേഹത്തെ നിയമിക്കാന്‍ കഴിയില്ല. പുതിയ സ്ഥാനലബ്ധി കിട്ടി മാസങ്ങള്‍ക്കു ശേഷമാണ് അദ്ദേഹം പാവപ്പെട്ട മത്സ്യതൊഴിലാളികളെ തല്ലിച്ചതച്ച് പാര്‍ട്ടിയോടുള്ള കൂറ് പ്രകടിപ്പിച്ചത്.
മത്സ്യതൊഴിലാളികളെ പോലുളള അടിസ്ഥാന ജനവിഭാഗത്തിനെ കണ്ണില്‍ ചോരയില്ലാതെ മര്‍ദ്ദിക്കുക എന്നാല്‍ അത് കമ്മൂണിസ്റ്റ് നയത്തിനു യോജിച്ചതല്ല. അങ്ങനെ ചെയ്താല്‍ അത്തരമൊരു ഉദ്യോഗസ്ഥന് സര്‍വീസില്‍ തുടരാന്‍ അര്‍ഹതയില്ല. പ്രത്യേകിച്ച് ജനങ്ങളുമായി ഇടപെടുന്ന ഒരു സ്ഥലത്ത്.
അടി കൊണ്ട് തറയില്‍ വീണ സമര ഭടനെ വലിച്ചിഴച്ച് കൊണ്ടു പോകുന്ന യതീഷ് ചന്ദ്രയെ ചാനലില്‍ കണ്ടവര്‍ അത്ഭുതപ്പെട്ടു. നിരവധി സഹനസമരങ്ങള്‍ നടത്തിയ പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രിയുടെ കാലത്ത് ഇങ്ങനെ സംഭവിക്കുമോ എന്ന് പലരും അത്ഭുതപ്പെട്ടു.
പുതുവൈപ്പിന്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ യതീഷ് ചന്ദ്രയെ എന്തു ചെയ്യുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. സാധാരണ ഗതിയില്‍ ഒന്നും സംഭവിക്കാന്‍ സാധ്യതയില്ല.
https://www.facebook.com/Malayalivartha


























