പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ

പി.ടി കുഞ്ഞുമുഹമ്മദിനെതാരായ ലൈംഗിക അതിക്രമ പരാതിയിൽ സംവിധായകനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ടെന്ന് അതിജീവിത ഒരു മാധ്യമത്തോട് വെളിപ്പെടുത്തി. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം പരിഗണിച്ച് കേസിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഇടനിലക്കാർ ആവശ്യപ്പെടുന്നത്. ഈ സമ്മർദ്ദം തനിക്ക് താങ്ങാൻ കഴിയുന്നില്ലെന്നും പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തക പറയുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം.
തുടക്കം മുതൽ പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പമാണ് നിലകൊണ്ടത് എന്നും കേസ് എടുക്കുന്നത് മനഃപൂർവം വൈകിപ്പിച്ചുവെന്നും മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായതെന്നും കേസ് എടുത്തിട്ടും മുൻകൂർ ജാമ്യം കിട്ടുന്നത് വരെ സമയം അനുവദിച്ചുവെന്നും അതിജീവത കുറ്റപ്പെടുത്തി.
കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നടപടികളിലെ കാലതാമസം വിശദീകരിച്ചും വിമര്‍ശിച്ചും വനിത ചലച്ചിത്ര കൂട്ടായ്മയായ ഡബ്ല്യുസിസി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും നേരിട്ട് ഒരു മറുപടിയും നല്‍കിയില്ലെന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടും എഫ്ഐആര്‍ ഇട്ടത് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണെന്നും ഡബ്ല്യുസിസിയുടെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ കുറ്റപ്പെടുത്തി. കേരള വിമൻസ് കമ്മീഷൻ ഈ കേസുമായി ബന്ധപ്പെട്ട് പരാതി സ്വീകരിച്ചതായി അറിയിച്ചെങ്കിലും നടപടികളുടെ തുടർച്ചയെ സംബന്ധിച്ച വിവരങ്ങളൊന്നും അറിയാൻ കഴിഞ്ഞിട്ടില്ലെന്നും ഡബ്ല്യുസിസി പറയുന്നു.
https://www.facebook.com/Malayalivartha
























