വനിത ഡോക്ടറുടെ ആത്മഹത്യ ... സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ടതിന്റെ പേരിൽ യുവ വനിത ഡോക്ടർ ആത്മഹത്യ ചെയ്ത കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം രണ്ടാം വർഷ പി.ജി വിദ്യാർത്ഥിനിയും, വെഞ്ഞാറുമ്മൂട് മൈത്രി നഗർ നാസ മൻസിലിൽ എ.ജെ. ഷഹ്നയാണ് ആത്മഹത്യ ചെയ്തിരുന്നത്.
മുൻ അഢീഷണൽ ഗവൺമെന്റ് പ്ലീഡറും, പബ്ലിക് പ്രോസിക്യൂട്ടറും അമ്പലത്തറ സ്വദേശിയുമായ എം. സലാഹുദ്ദീനെയാണ് സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചത്. മലയിൻകീഴ് മാറനല്ലൂർ സ്വദേശിനി ദിവ്യയെയും മകൾ ഒന്നര വയസുളള ഗൗരിയെയും കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ ഇരട്ട കൊലകേസിലും സലാഹുദ്ദീനാണ് പ്രത്യേക പ്രോസിക്യൂട്ടർ. ഇദ്ദേഹം സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായിരുന്ന അമ്പലമുക്ക് വിനീത കൊലക്കേസിൽ പ്രതിക്ക് വധ ശിക്ഷയാണ് കോടതി വിധിച്ചത്. അഢീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന കാലയളവിൽ 40 തിലേറെ കേസുകളിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് ഉറപ്പ് വരുത്തിയിരുന്നു.
ഡോ.ഷഹ്നയുടെ സഹപ്രവർത്തകനും പി.ജി അസോസിയേഷൻ ഭാരവാഹിയും കൊല്ലം കരുനാഗപ്പളളി മീൻമുക്ക് മദ്രസക്ക് സമീപം ഇടയില വീട്ടിൽ ഡോ. ഇ.എ. റുവൈസാണ് കേസിലെ പ്രതി. ഇയാളുമായി പ്രണയത്തിലായിരുന്ന ഷഹ്നയെ വിവാഹം ചെയ്യുന്നതിന് 150 പവൻ സ്വർണ്ണവും ഒരേക്കർ സ്ഥലവും ബി.എം.ഡബ്ല്യൂ കാറുമാണ് സ്ത്രീധനമായി റുവൈസിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ വീട്ടുകാരുടെ പരാതി. സുഹൃത്തുക്കളുടെ മുന്നിൽ വച്ച് ഒരു കോടി രൂപയും ബി.എം.ഡബ്ല്യൂവും തന്നാൽ ഞാൻ കെട്ടിക്കോളാമെന്ന റുവൈസിന്റെ പരിഹാസമാണ് ഷഹ്നയുടെ ആത്മഹത്യയിലേക്ക് നയിച്ചത്. ഉയർന്ന അളവിൽ അനസ്‌തേഷ്യാ മരുന്ന് കുത്തിവച്ചാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. 2023 ഡിസംബർ നാലിന് രാത്രിയിൽ ഷഹ്നയെ മെഡിക്കൽ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ മരിച്ചനിലയിലാണ് കണ്ടെത്തിയത്. സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha




















