ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. എംഎല്‍എ ഓഫീസ് ഒഴിയണമെന്ന ആര്‍ ശ്രീലേഖയുടെ ആവശ്യം ജനാധിപത്യ വിരുദ്ധമാണെന്നും ഒഴിയാന്‍ പറയാന്‍ എന്ത് അധികരമാണ് ശ്രീലേഖയ്ക്കുള്ളതെന്നും വി ശിവന്‍കുട്ടി ചോദിച്ചു.
അവര്‍ക്ക് അത് പറയാന്‍ ഒരു അവകാശവുമില്ല. അധികാരമേറ്റ് മൂന്ന് ദിവസം ആയപ്പോള്‍ ഗുജറാത്ത്, യുപി മോഡല്‍ നടപ്പിലാക്കാനാണ് ശ്രമം. ധിക്കാരവും അഹങ്കാരവും അനുവദിക്കില്ല. ഡിജിപി വിചാരിച്ചാല്‍ പോലും ഒഴിപ്പിക്കാന്‍ കഴിയില്ല. പിന്നെയാണോ കൗണ്‍സിലര്‍. അവര്‍ക്കുള്ള അസൗകര്യം വികെ പ്രശാന്തിനോട് പറയണ്ട കാര്യമില്ല. സഹോദരനോട് പോലെ പറഞ്ഞു എന്നത് തനിക്ക് അറിയില്ല. പ്രശാന്ത് മേയര്‍ ആയപ്പോഴാണ് കൗണ്‍സിലര്‍മാര്‍ ഇത്തരത്തില്‍ കോര്‍പ്പറേഷന്റെ കെട്ടിടങ്ങളില്‍ ഓഫീസ് തുടങ്ങാനുള്ള സൗകര്യം ഒരുക്കിയത്. ശ്രീലേഖ പരസ്യമായി മാപ്പ് പറയണം. മേയര്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
ശാസ്തമംഗലത്തെ വികെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് ഒഴിയണമെന്ന ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയുടെ ആവശ്യമാണ് രാഷ്ട്രീയ വിവാദമായി മാറിയത്. ഓഫീസ് ഒഴിയണമെന്ന ആര്‍ ശ്രീലേഖയുടെ ആവശ്യം എംഎല്‍എ വികെ പ്രശാന്ത് തള്ളുകയായിരുന്നു.
എംഎല്‍എ വി കെ പ്രശാന്തിനെ ഇന്നലെ രാവിലെ ഫോണില്‍ വിളിച്ചാണ് ആര്‍ ശ്രീലേഖ, കെട്ടിടത്തിലുള്ള വാര്‍ഡ് കൗണ്‍സിലറുടെ ഓഫീസില്‍ സൗകര്യമില്ലെന്നും അതുകൊണ്ട് ഇതേസ്ഥലത്തുള്ള എംഎല്‍എ ഓഫീസ് ഒഴിയണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടത്. കൗണ്‍സില്‍ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയില്ലെന്നുമാണ് പ്രശാന്ത് ഇതിന് മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha

























