എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസ് വിവാദം:വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്ന് മേയര്‍ വി. വി. രാജേഷ്

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ ശാസ്തമംഗലത്തുള്ള വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ. പ്രശാന്തിന്റെ ഓഫീസിനെ ചൊല്ലിയുള്ള തര്‍ക്കം തലസ്ഥാന നഗരസഭയിലെ ആദ്യത്തെ വലിയ രാഷ്ട്രീയ വിവാദമായി മാറിയിരിക്കുകയാണ്. വിവാദത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ് രംഗത്തെത്തി. ഈ വിഷയത്തെ ഇത്രത്തോളം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമില്ലെന്നാണ് മേയറുടെ നിലപാട്. കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ, വി.കെ. പ്രശാന്തുമായുള്ള സൗഹൃദത്തിന്റെ പുറത്താണ് ഓഫീസ് ഒഴിയാനുള്ള ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 'എല്ലാ കാര്യങ്ങളും പാര്‍ട്ടിയോട് പറയണമെന്നില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ചര്‍ച്ച വന്ന സാഹചര്യത്തില്‍, ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലെ രേഖകള്‍ പരിശോധിക്കും,' മേയര്‍ വ്യക്തമാക്കി.
നിലവില്‍ 300 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മുറി എം.എല്‍.എയ്ക്ക് നല്‍കിയിരിക്കുന്നത് 832 രൂപയ്ക്കാണ്. സ്വകാര്യ വ്യക്തികള്‍ക്ക് ഇതേ രീതിയില്‍ കുറഞ്ഞ വാടകയ്ക്ക് കെട്ടിടങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നും പരിശോധിക്കും.
എം.എല്‍.എ ഓഫീസുകള്‍ക്ക് വാടകയില്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ നിയമപരമായി പ്രശ്‌നങ്ങളില്ലെന്നും, രേഖകള്‍ പൂര്‍ണ്ണമായി പരിശോധിച്ച ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കാമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വാടകയില്‍ കെട്ടിടം നല്‍കിയിട്ടുണ്ടെങ്കില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറായ ആര്‍. ശ്രീലേഖയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. വാര്‍ഡ് കൗണ്‍സിലര്‍ക്ക് ഓഫീസ് സൗകര്യമില്ലാത്തതിനാല്‍, കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എം.എല്‍.എയുടെ ഓഫീസ് ഒഴിയണമെന്നായിരുന്നു കൗണ്‍സിലര്‍ ശ്രീലേഖയുടെ ആവശ്യം.
ഇക്കാര്യം ഫോണ്‍ വിളിച്ച് എം.എല്‍.എയെ അറിയിക്കുകയും ചെയ്തു. എന്നാല്‍, കൗണ്‍സില്‍ തനിക്ക് അനുവദിച്ച സമയപരിധി മാര്‍ച്ച് 31 വരെയാണെന്നും അതുവരെ ഒഴിയാനാവില്ലെന്നും എം.എല്‍.എ വി.കെ. പ്രശാന്ത് കൗണ്‍സിലറെ അറിയിച്ചതോടെയാണ് തര്‍ക്കം കടുത്തത്.
https://www.facebook.com/Malayalivartha

























