തീവ്രവാദ ആരോപണം കേരളത്തിലെ ഗാസ സ്ട്രീറ്റ് ഇനി രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍

കാസര്‍ഗോഡ് ജില്ലയിലെ ഗാസ സ്ട്രീറ്റ് എന്ന ഗ്രാമം രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. പാലസ്തീനിലുള്ള ഗാസ നഗരത്തിന്റെ പേര് നല്‍കിയതാണ് ഗ്രാമത്തിനെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. അടുത്തിടെ സ്ഥലത്തിന് ഇത്തരമൊരു പേര് നല്‍കിയതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നാണ് ഏജന്‍സികള്‍ അന്വേഷിക്കുന്നത്.
കാസര്‍ഗോഡ് ജില്ലയിലെ തുരുത്തി ജുമാ മസ്ജിദിലേക്കുള്ള റോഡാണ് ഗാസ സ്ട്രീറ്റ് എന്ന പേരില്‍ കഴിഞ്ഞ മാസം പുനര്‍ നാമകരണം ചെയ്തത്. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീറാണ് റോഡിന്റെ പേരിടല്‍ ചടങ്ങ് നിര്‍വഹിച്ചത്. എന്നാല്‍ താന്‍ ഇത്തരമൊരു പരിപാടിക്കെത്തിയത് ആകസ്മികമാണെന്നാണ് ബഷീര്‍ പ്രതികരിച്ചത്. തുരുത്തി ജുമാ മസ്ജിദിലേക്കുള്ള വഴി അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഇതിന് മുന്‍സിപ്പാലിറ്റിയുടെ ഫണ്ട് ഉപയോഗിച്ചെങ്കിലും തെരുവിന്റെ പേര് മാറ്റിയ കാര്യം തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ പറയുന്നത്.
അതേസമയം, കാസര്‍ഗോഡിന്റെ നിരവധി പ്രദേശങ്ങളില്‍ ഇത്തരത്തില്‍ പേരുമാറ്റാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് പ്രാദേശിക ബി.ജെ.പി നേതൃത്വം ആരോപിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ശ്രദ്ധയില്‍ പെടാറുണ്ടെന്നും ബി.ജെ.പി നേതാവായ പി.രമേശ് പറയുന്നു. കാസര്‍ഗോഡ് ജില്ലയിലെ പടന്നയില്‍ നിന്നും കാണാതായ യുവാക്കള്‍ ഐസിസില്‍ ചേര്‍ന്നതായുള്ള വിവരത്തെ തുടര്‍ന്ന് പ്രദേശം രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് കേരളത്തില്‍ നിന്നും ഐസിസില്‍ ചേര്‍ന്ന പാലക്കാട് സ്വദേശി സജീര്‍ മംഗലശേരി കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചത്.
https://www.facebook.com/Malayalivartha


























