ആദ്യ ദിനത്തിൽ മെട്രോയിൽ കയറിയ അമ്മയ്ക്കും മകനും കിട്ടിയത് എട്ടിന്റെ പണി; പിന്നെ പുറത്തിറങ്ങാന്‍ പെട്ട പാടിങ്ങനെ

മലയാളി നാളിതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത യാത്രാ സംസ്‌ക്കാരത്തിനാണ് ഇന്ന് കൊച്ചിയില്‍ തുടക്കമായത്. മെട്രോ ട്രെയിനിലേറി മലയാളി കുതിപ്പ് തുടങ്ങിയെങ്കിലും ഇതെങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെ ഭൂരിഭാഗം പേര്‍ക്കും അറിയില്ലെന്നതാണ് സത്യം. അത്തരമൊരു കാഴ്ച്ചയാണ് ആദ്യ ദിനത്തില്‍ കൊച്ചി മെട്രോയിലെ കൗതുകമായത്. ആലുവയില്‍ നിന്നും ഇടപ്പള്ളിയിലേക്ക് ടിക്കറ്റെടുത്ത അമ്മയും മകനും പാലാരിവട്ടത്തേക്ക് യാത്ര നീട്ടാന്‍ ശ്രമിച്ചതാണ് അബദ്ധമായത്. പിന്നീട് കംപ്യൂട്ടര്‍ സംവിധാനം വഴി ഇവരെ പുറത്തിറക്കാന്‍ ഒരു മാര്‍ഗവുമില്ലാത്തതിനാല്‍ പിന്നെ മാനുവല്‍ ഗേറ്റ് വഴിയാണ് പുറത്തിറക്കിയത്.
ആലുവയില്‍ നിന്ന് ഇടപ്പള്ളിയിലേക്ക് ടിക്കറ്റ് ചാര്‍ജ്ജ് 40 രൂപയാണ്. അതായത് ആലുവയില്‍ നിന്ന് നിലവിലെ മുഴുവന്‍ റൂട്ട് ആയ പാലാരിവട്ടം വരെയുള്ള ചാര്‍ജ്. ആലുവയില്‍ നിന്ന് ടിക്കറ്റെടുക്കുമ്പോള്‍ ഒരാള്‍ ഇടപ്പള്ളി എന്ന് പറഞ്ഞാല്‍ അയാളുടെ ടിക്കറ്റില്‍ ആലുവ ഇടപ്പള്ളി എന്ന് തന്നെയാണ് പ്രിന്റ് ചെയ്യുന്നത്. മുഴുവന്‍ പണവും കൊടുത്തല്ലോ എന്ന ധാരണയില്‍ അയാള്‍ യാത്ര പിന്നീട് പാലാരിവട്ടം വരെ നീട്ടാന്‍ തീരുമാനിച്ചാല്‍ പാലാരിവട്ടത്ത് അയാള്‍ക്ക് മുന്നില്‍ ഗേറ്റ് തുറക്കില്ല.
ആദ്യ ദിവസം മെട്രോയില്‍ യാത്ര ചെയ്ത ഒരമ്മയും മകനും 15 മിനിറ്റോളം ഇതിന്റെ പേരില്‍ സ്‌റ്റേഷനില്‍ കുടുങ്ങി. ജീവനക്കാര്‍ക്ക് ആര്‍ക്കും ഇതേപ്പറ്റി ധാരണയില്ല. ഗേറ്റില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ പറഞ്ഞത്, തിരിച്ച് ഇടപ്പള്ളിയില്‍ പോയി ഇറങ്ങണമെന്നാണ്. ഇടപ്പള്ളി,ചങ്ങമ്പുഴ പാര്‍ക്ക് ,പാലാരിവട്ടം എന്നീ മൂന്ന് സ്‌റ്റേഷനുകളുടെ പണം കൊടുക്കാന്‍ ടിക്കറ്റുടമ തയ്യാറായിരുന്നു. എന്നിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് നാലിലധികം ഉദ്യോഗസ്ഥര്‍ക്ക് ടിക്കറ്റ് കൈമാറി അവരെല്ലാം കൂടെ പല പല കമ്പ്യൂട്ടറുകളില്‍ ശ്രമിച്ച് മൂന്നിലധികം ഫോണ്‍ കോളുകള്‍ പലയിടത്തേക്ക് നടത്തിയശേഷമാണ് കാര്യം നടന്നത്.
കൂടുതല്‍ പണം നല്‍കാന്‍ ടിക്കറ്റുടമ തയ്യാറായിരുന്നിട്ട് പോലും 15 മിനിറ്റോളം സമയം അവര്‍ക്ക് നഷ്ടപ്പെട്ടു. അത്തരത്തിലുള്ള പിഴവുകള്‍ തുടക്കത്തില്‍ ഉണ്ടാകാവുന്നതാണ്. പക്ഷേ, ഉടനെ തന്നെ അത്തരം വിഷയങ്ങളില്‍ എന്ത് ചെയ്യണമെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേശവും പരിശീലനവും നല്‍കേണ്ടതാണ്. പ്രശ്‌നം തീര്‍പ്പായ ശേഷവും ടിക്കറ്റ് ഉപയോഗിച്ച് ഗേറ്റ്തുറക്കാനായില്ല.
പിന്നീട് മാനുവല്‍ ഗേറ്റ് വഴിയാണ് യാത്രക്കാരിയും മകനും പുറത്ത് കടന്നത്. ഇനി അഥവാ ആലുവയില്‍ നിന്ന് കളമശ്ശേരി വരെ മാത്രം ടിക്കറ്റെടുത്ത ഒരാള്‍ പിന്നീട് യാത്ര പാലാരിവട്ടം വരെ നീട്ടാന്‍ തീരുമാനിച്ചാലും അയാള്‍ അധികം നല്‍കേണ്ട പണം നിമിഷങ്ങള്‍ക്കകം ഈടാക്കി പാലാരിവട്ടം സ്‌റ്റേഷന്‍ വിടാനുള്ള സൌകര്യം ചെയ്ത് കൊടുക്കണം എന്നു സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പങ്കുവച്ച മനോജ് രവീന്ദ്രന്‍ എന്ന വ്യക്തി ആവശ്യപ്പെടുന്നു. അയാളെ കള്ളറ്റിക്കറ്റ് എടുത്ത ഒരാളെപ്പോലെ കണക്കാക്കി പെരുമാറരുത്. തുടക്കം ആയതുകൊണ്ട് യാത്രക്കാരും മെട്രോ ജീവനക്കാരുമായി സഹകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha


























