രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നിലപാട് 22ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും; എന്‍ഡിഎ സ്വയം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിനാല്‍ അംഗീകരിക്കില്ല

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിലപാടുറപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗ ചേരുന്നു. പ്രതിപക്ഷത്തിന്റെ നിലപാട് 22ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കും. 22ന് ചേരുന്ന യോഗത്തിന് ശേഷം പ്രതിപക്ഷത്തിന്റെ നിലപാട് പ്രഖ്യാപിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി വ്യക്തമാക്കി.
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി പിന്തുണയോടെ എന്‍ഡിഎ സമവായ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് രാംനാഥ് കോവിന്ദിന്റെ പേര് പ്രഖ്യാപിച്ചത്. രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനം കഴിഞ്ഞ ശേഷമാണ് രാംനാഥ് കോവിന്ദിന്റെ പേര് അറിയിച്ചതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ആര്‍എസ്എസ് അജണ്ടയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.
ഘടകകക്ഷികളോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്നും ആര്‍ക്ക് വോട്ട് ചെയ്യുമെന്ന് പിന്നീട് അറിയിക്കുമെന്നും ശിവസേന വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അത്ഭുതപ്പെടുത്തിയെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. സുഷമ സ്വരാജിനെ മത്സരിപ്പിച്ചാല്‍ എന്‍ഡിഎയെ പിന്തുണയ്ക്കുമെന്ന് മമത അറിയിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് രാംനാഥ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി, സോണിയ ഗാന്ധിയോടും മന്‍മോഹന്‍ സിംഗിനോടും ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് അവര്‍ വ്യക്തമാക്കിയതായി ബിജെപി അധ്യക്ഷന്‍ അമിത് ഷാ അറിയിച്ചു.
https://www.facebook.com/Malayalivartha


























