കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലുള്ള ‘വിഐപി’ പറയട്ടെയെന്ന് പള്‍സര്‍ സുനി
നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി. കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം. അതേസയം പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഓഗസ്റ്റ് ഒന്നുവരെ റിമാൻഡ് നീട്ടിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. സുനിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച പ്രോസിക്യൂഷൻ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
അങ്കമാലി കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ സുനിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. ‘കഥ പകുതിയേ ആയിട്ടുള്ളൂ’ എന്നാണ് കേസിനെപ്പറ്റി സുനിൽ മാധ്യമങ്ങളോട് പറഞ്ഞത്. കേസിൽ ഇനിയും പ്രതികളുണ്ടാകുമെന്ന് സുനിലിന്റെ അഭിഭാഷകൻ ബി.എ. ആളൂരും പ്രതികരിച്ചിരുന്നു.
അതിനിടെ, പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തീരുമാനിച്ചു. നടൻ ദിലീപിന് ജയിലില്‍നിന്ന് സുനി അയച്ച കത്ത് എഴുതിയത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. ഈ കേസിലാണ് വിപിൻലാലിനെ അറസ്റ്റ് ചെയ്യുന്നത്. തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. സിഐയും സംഘവും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തും. അതേസമയം, ഇതിനിടെ 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പള്‍സര്‍ സുനി അടക്കം അഞ്ചുപേര്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ്.
ഈ കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സുനിയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കുകയാണ്. ഇതില്‍ ഉള്‍പ്പെട്ട സുനിയെയും ഇന്നലെ പിടിയിലായ എബിനെയും കൂടാതെ മറ്റു മൂന്നുപേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പള്‍സര്‍ സുനി അടക്കമുള്ള മറ്റൊരു കൊട്ടേഷന്‍ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍കൂടി കസ്റ്റഡിയിലായിട്ടുണ്ട്. ഈ കേസില്‍ ഇന്നലെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ജോണി സാഗരിക നിര്‍മിച്ച ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടിയെ ടെമ്പോ ട്രാവലറില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എറണാകുളം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ നടിയെ ടെമ്പോ ട്രാവലറില്‍ എത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒരു യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും ആളുമാറിയാണ് ഈ നടിയെ തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്‍മാതാവിനെയും ഭര്‍ത്താവിനെയും നടി ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്‍ട്ടിനുമുന്നില്‍ നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.
ഹോട്ടല്‍ റപ്രസെന്റേറ്റീവ് എന്ന വ്യാജേന സമീപിച്ച വ്യക്തി കുറഞ്ഞ വാടകയ്ക്ക് മുറി നല്‍കാമെന്ന് പറഞ്ഞ് നിര്‍മാതാവിനെ സമീപിച്ചിരുന്നു. ഇയാള്‍ക്ക് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുനി അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha