ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന കേസ് അവസാനിച്ച സാഹചര്യത്തില്‍ എ.കെ. ശശീന്ദ്രന്‍ വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും

ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് കോടതിയിലുണ്ടായിരുന്ന കേസ് അവസാനിച്ച സാഹചര്യത്തില്‍ എ.കെ. ശശീന്ദ്രന്‍ വ്യാഴാഴ്ച വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് ധാരണയായതെങ്കിലും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സ്ഥലത്തില്ലാത്തതിനാലാണ് വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
തോമസ് ചാണ്ടിയുടെ രാജിയെത്തുടര്‍ന്ന് 75 ദിവസമായി മുഖ്യമന്ത്രി അധികചുമതല വഹിച്ചിരുന്ന ഗതാഗത വകുപ്പിന് ഇതോടെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയെ ലഭിക്കും. കഴിഞ്ഞ ദിവസം എന്‍.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറുമായുള്ള കൂടിക്കാഴ്ചയില്‍ എ.കെ. ശശീന്ദ്രന് മന്ത്രിസഭയിലേക്ക് മടങ്ങിയെത്താനുള്ള വഴി തുറന്നിരുന്നു.
തുടര്‍ന്ന് ചൊവ്വാഴ്ച സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ടി.പി. പീതാംബരന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പാര്‍ട്ടി തീരുമാനം അറിയിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ചൊവ്വാഴ്ച തന്നെ കത്ത് നല്‍കിയിരുന്നു.
രാഷ്ട്രീയ തീരുമാനമുണ്ടായ സാഹചര്യത്തില്‍ ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. ഫോണിലൂടെ മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രന്‍ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായെങ്കിലും കായല്‍ കൈയേറ്റ വിവാദങ്ങളെ തുടര്‍ന്ന് 2017 നവംബര്‍ 15ന് അദ്ദേഹവും രാജിവെച്ചൊഴിഞ്ഞു. എന്‍.സി.പിയിലെ ഇരു എം.എല്‍.എമാര്‍ക്കും കേസുകളുള്ള സാഹചര്യത്തില്‍ ആദ്യം കുറ്റവിമുക്തനാകുന്നയാള്‍ മന്ത്രിയാകുമെന്നായിരുന്നു മുന്നണിയിലെ ധാരണ. ഇതുപ്രകാരമാണ് ശശീന്ദ്രന്‍ മന്ത്രിസഭയിലേക്കെത്തുന്നത്.
https://www.facebook.com/Malayalivartha























