സാമൂഹികക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ സംസ്ഥാനബജറ്റില്‍ കര്‍ശന നിര്‍ദേശങ്ങള്‍; ക്ഷേമ പെന്‍ഷനില്‍നിന്നു സ്വമേധയാ പിന്‍വാങ്ങാത്ത അനര്‍ഹര്‍ ഇതുവരെ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടയ്‌ക്കേണ്ടിവരും

സാമൂഹികക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് അനര്‍ഹരെ ഒഴിവാക്കാന്‍ സംസ്ഥാനബജറ്റില്‍ കര്‍ശന നിര്‍ദേശങ്ങള്‍. വരുമാനപരിധിക്കു പുറമേ പുതിയ ചില മാനദണ്ഡങ്ങള്‍കൂടി ഏര്‍പ്പെടുത്തി. 1200 ചതുരശ്രയടിക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍ക്കൊപ്പം താമസിക്കുന്നവര്‍, രണ്ടേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, 1000 സി.സിയിലേറെ എന്‍ജിന്‍ ശേഷിയുള്ള, ടാക്‌സി അല്ലാത്ത, കാറുകള്‍ ഓടിക്കുന്നവര്‍ എന്നിവര്‍ക്കു ക്ഷേമ പെന്‍ഷന് അര്‍ഹതയുണ്ടാവില്ല.
എന്നാല്‍, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിക്കുമെന്ന ഇടതുമുന്നണിനയം മന്ത്രി ടി.എം. തോമസ് ഐസക് ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല. പുതിയ പെന്‍ഷന്‍ അപേക്ഷകരെ വിഷുവിനു മുമ്പ് പരിഗണിക്കും. സാമൂഹികക്ഷേമ പെന്‍ഷന് അര്‍ഹതയില്ലാത്തവര്‍ക്കു പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കും അംഗപരിമിതര്‍ക്കും അടിയന്തര പെന്‍ഷന്‍ അനുവദിക്കും. ക്ഷേമ പെന്‍ഷനില്‍നിന്നു സ്വമേധയാ പിന്‍വാങ്ങാത്ത അനര്‍ഹര്‍ ഇതുവരെ വാങ്ങിയ പെന്‍ഷന്‍ തിരിച്ചടയ്‌ക്കേണ്ടിവരും.
സാമൂഹികക്ഷേമ പെന്‍ഷന് ഒരുലക്ഷം രൂപയാണു കുടുംബവരുമാനപരിധി. എന്നാല്‍, അതിലും ഉയര്‍ന്ന വരുമാനക്കാരും പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവരെ പട്ടികയില്‍നിന്ന് ഒഴിവാക്കാനുള്ള നടപടികളാണു ബജറ്റില്‍ പ്രഖ്യാപിച്ചത്. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കു സ്വമേധയാ പിന്‍വാങ്ങാന്‍ മാര്‍ച്ച് വരെ സമയം നല്‍കും. അതിനുശേഷമുള്ള സര്‍വേയില്‍ പിടിക്കപ്പെടുന്നവര്‍ പെന്‍ഷന്‍ തിരിച്ചടയ്ക്കണം. ഈ നടപടിക്കുശേഷം വിഷുവിനു മുമ്പ് തദ്ദേശസ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച പുതിയ അപേക്ഷകള്‍ പരിഗണിക്കും.
ക്ഷേമ പെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്തവര്‍ക്കായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കും. ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്കും ഈ പദ്ധതിയില്‍ ചേരാം. നിലവില്‍ 42.4 ലക്ഷം പേര്‍ക്കു സര്‍ക്കാര്‍ നേരിട്ടു പെന്‍ഷനോ സുരക്ഷാസഹായമോ നല്‍കുന്നുണ്ട്. വിവിധ ക്ഷേമനിധികളില്‍നിന്നും അഞ്ചുലക്ഷത്തില്‍ ഏറെ ആളുകള്‍ക്കു പെന്‍ഷന്‍ നല്‍കുന്നു.
പ്രതിവര്‍ഷം 6000 കോടി രൂപയാണു സാമൂഹികസുരക്ഷാ പെന്‍ഷനുവേണ്ടി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. മുന്‍സര്‍ക്കാരിന്റെ കാലത്ത് ഇത് 1680 കോടി രൂപയായിരുന്നു.
https://www.facebook.com/Malayalivartha























