കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആന്ധ്രയ്ക്ക് പ്രത്യേക പദവി; കോണ്‍ഗ്രസിനെയും തന്നെയും കുറ്റം പറയുക എന്നത് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശീലമാക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബര്‍ലിനില്‍ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഭരണം സുഗമമായി നടക്കുന്നതിന് വേണ്ട പിന്തുണ നല്‍കുന്ന രീതിയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഭരണസ്തംഭനത്തിന് ഇത് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനെയും തന്നെയും കുറ്റം പറയുക എന്നത് ബിജെപിയും കേന്ദ്ര സര്‍ക്കാരും ശീലമാക്കിയിരിക്കുകയാണെന്നും അവര്‍ സ്വന്തം പ്രവര്‍ത്തികളില്‍ പോലും അസംതൃപ്തരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപിയും ആര്‍എസ്‌എസും രാജ്യത്ത് വിദ്വേഷം വളര്‍ത്തുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്രാധികാരം പോലും മോദി ഭരണത്തിന്‍ കീഴില്‍ ഹനിക്കപ്പെടുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് ജഡ്ജിമാര്‍ പൊതുജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിവന്ന് തങ്ങള്‍ക്ക് നീതി നടപ്പാക്കാനാകുന്നില്ലെന്ന് തുറന്ന് പറഞ്ഞത്. രാജ്യത്ത് അധികാരത്തിലിരിക്കുന്ന സര്‍ക്കാരാണ് ഇതിന് വിഘാതം സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രിയാണ് ഇത്തരമൊരവസ്ഥയുടെ പൂര്‍ണ ഉത്തരവാദി- രാഹുല്‍ തുറന്നടിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന കേന്ദ്രത്തിന്‍റെ ഇത്തരം നടപടികളെ കോണ്‍ഗ്രസ് ഇനിയും തുറന്നെതിര്‍ക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
തങ്ങള്‍ അധികാരത്തിലേറിയാല്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഉത്പാദന മേഖലകള്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും വികസനത്തിനുമായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും കൂട്ടിച്ചേര്‍ത്താണ് രാഹുല്‍ തന്‍റെ വാക്കുകള്‍ അവസാനിപ്പിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും രാഹുലിനൊപ്പമുണ്ട്. രണ്ടു ദിവസത്തെ ജര്‍മ്മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലേക്ക് മടങ്ങുന്ന രാഹുല്‍ ഗാന്ധി അവിടെ ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ വിദ്യാര്‍ഥികളുമായി സംവദിക്കും.
https://www.facebook.com/Malayalivartha


























