മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയുന്നില്ല; ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ല: ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍: പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്- വിശ്വാസ് കുമാര്‍...

എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവനോടെ ശേഷിച്ച ഏക വ്യക്തി 39-കാരന്‍ വിശ്വാസ്‌കുമാര്‍ രമേഷ് കടുത്ത മാനസികാഘാതത്തിലെന്ന് റിപ്പോർട്ട്. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള സീറ്റിലായിരുന്നു വിശ്വാസ് കുമാര്‍ ഇരുന്നിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരുടെയും മരണത്തിനിടയാക്കിയ, കത്തിയമര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വിശ്വാസ് രക്ഷപ്പെട്ട് നടന്നുവരുന്നതിന്റെ ദൃശ്യങ്ങള്‍ ഏറെ വൈറലായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹോദരന്‍ അജയ്കുമാറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ 15-ന് യുകെയില്‍ തിരിച്ചെത്തിയെങ്കിലും, തനിക്ക് ഇതുവരെ എന്‍എച്ച്എസ് വഴി മാനസികാരോഗ്യ ചികിത്സ ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
'ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ് ഞാന്‍. പക്ഷേ, ശാരീരികമായും മാനസികമായും ഏറെ കഷ്ടപ്പെടുകയാണ്' എന്നാണ് വിശ്വാസ് കുമാര്‍ പറയുന്നത്. 'രക്ഷപ്പെട്ട ഏക വ്യക്തി ഞാനാണ്. എനിക്കിപ്പോഴും ഇത് വിശ്വസിക്കാനാവുന്നില്ല. ഇതൊരു അത്ഭുതമാണ്. എനിക്ക് എന്റെ സഹോദരനെയും നഷ്ടപ്പെട്ടു. സഹോദരനായിരുന്നു എനിക്ക് താങ്ങായുണ്ടായിരുന്നത്. എനിക്ക് എല്ലാം അവനായിരുന്നു കുറച്ച് കാലമായിട്ട്' ദുരനുഭവം തന്റെ കുടുംബജീവിതത്തില്‍ ഉണ്ടാക്കിയ കനത്ത ആഘാതത്തെക്കുറിച്ച് അദ്ദേഹം വിവരിച്ചു. 'ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. ഭാര്യയോടോ മകനോടോ സംസാരിക്കാതെ ഞാന്‍ എന്റെ മുറിയില്‍ ഒറ്റയ്ക്കിരിക്കുകയാണ്. വീട്ടില്‍ തനിച്ചിരിക്കാനാണ് എനിക്കിപ്പോള്‍ ഇഷ്ടം' വിശ്വാസ്‌കുമാര്‍ പറഞ്ഞു.
മറ്റുള്ളവരുമായി തനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. രാത്രി മുഴുവന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്, താന്‍ മാനസികമായി കഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാലിനും തോളിനും കാല്‍മുട്ടിനും പുറത്തും വേദനയുണ്ടെന്നും, ദുരന്തത്തിന് ശേഷം ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ വിശ്വാസ് കുമാറിന് പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) ഉണ്ടെന്ന് കണ്ടെത്തിയിരുന്നു, എന്നാല്‍ യുകെയില്‍ തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന് ചികിത്സയൊന്നും ലഭിച്ചിട്ടില്ലെന്ന് വിശ്വാസ് കുമാറുമായി ബന്ധപ്പെട്ടവര്‍ ബിബിസിയോട് പങ്കുവെച്ചു. 'അവര്‍ മാനസികമായും, ശാരീരികമായും, സാമ്പത്തികമായും പ്രതിസന്ധിയിലാണ്.
ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ തകര്‍ത്തു. ഉന്നത തലത്തില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ആരായാലും, അവര്‍ ഈ ദാരുണമായ സംഭവത്തിലെ ഇരകളെ നേരില്‍ കാണുകയും, അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും, അവരെ കേള്‍ക്കുകയും വേണം' അവര്‍ പറഞ്ഞു. 'എയര്‍ ഇന്ത്യ വിശ്വാസ് കുമാറിന് 21,500 പൗണ്ട് (25 ലക്ഷം രൂപയോളം) ഇടക്കാല നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയും അത് അദ്ദേഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്, എന്നാല്‍ അദ്ദേഹത്തിന്റെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് പര്യാപ്തമല്ല' വിശ്വാസ് കുമാറുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് ബിസിസി റിപ്പോര്‍ട്ട് ചെയ്തു. ദിയുവില്‍ സഹോദരനൊപ്പം നടത്തിയിരുന്ന കുടുംബത്തിന്റെ മത്സ്യ ബന്ധന ബിസിനസ്സും ദുരന്തത്തിന് ശേഷം തകര്‍ന്നു. തങ്ങള്‍ മൂന്നുതവണ എയര്‍ ഇന്ത്യയെ യോഗത്തിനായി ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ മൂന്നുതവണയും അവര്‍ അവണിക്കുകയാണ് ചെയ്തതെന്ന് കുടുംബത്തിന്റെ വക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























