ശബരിമല സ്വർണക്കൊള്ള കേസ്: അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേയ്ക്ക്! എൻ. വാസുവിനെ ചോദ്യം ചെയ്ത എസ്‌ഐടിയ്ക്ക് മുമ്പിൽ വെളിപ്പെട്ടത്...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേയ്ക്ക് അന്വേഷണം നീങ്ങുകയാണ്. ഇതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) ചോദ്യം ചെയ്തു കഴിഞ്ഞു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എസ്‌ഐടി സംഘം എന്‍. വാസുവിനെ ചോദ്യം ചെയ്തത്. എസ്‌ഐടി ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് എന്‍. വാസുവിനെ ചോദ്യംചെയ്തത്. വാസുവിനെതിരേ സുധീഷ്‌കുമാര്‍ നല്‍കിയ മൊഴികള്‍ ഏറെ ഗൗരവമേറിയതാണെന്നാണ് വിവരം. ഇതിനുപിന്നാലെയായിരുന്നു വാസുവിനെ ചോദ്യംചെയ്യാനുള്ള നീക്കവുമുണ്ടായത്. ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്ന 2019-ല്‍ എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരുന്നു.
പിന്നീട് എ. പത്മകുമാറിന് പിന്നാലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി. കഴിഞ്ഞദിവസം അറസ്റ്റിലായ സുധീഷ്‌കുമാര്‍ വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. എന്‍. വാസു പ്രസിഡന്റായിരിക്കെയാണ് സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിവാദ ഇ-മെയില്‍ സന്ദേശം ലഭിച്ചത്. സ്വര്‍ണം പൂശല്‍ കഴിഞ്ഞശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചായിരുന്നു പോറ്റിയുടെ ഇ-മെയില്‍ സന്ദേശം. എന്നാല്‍, ഇതുസംബന്ധിച്ച് വാസു നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇമെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്‌തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. അധികംവന്ന സ്വര്‍ണം സ്‌പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു നടപടിയെടുത്തില്ലെന്നാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിനെതിരേ ഉയര്‍ന്നിരുന്ന ആരോപണം.
സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിനെ കോടതി 14 ദിവസം റിമാന്‍ഡ്‌ചെയ്തിരുന്നു. പാളികളില്‍ സ്വര്‍ണം പൊതിഞ്ഞെന്ന് സുധീഷ് കുമാറിന് അറിവുണ്ടായിട്ടും ചെമ്പുപാളിയെന്ന് രേഖയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പാളികള്‍ അഴിച്ചുമാറ്റുമ്പോള്‍ തിരുവാഭരണം കമ്മിഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികളെ ചെമ്പുപാളികളെന്ന് എഴുതുകയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തുവിടാം എന്ന് ബോര്‍ഡിന് തെറ്റായ ശുപാര്‍ശക്കത്ത് നല്‍കുകയും ചെയ്തു.
മഹസ്സറുകളിലും വെറും ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തി. മഹസ്സര്‍ തയ്യാറാക്കിയ സമയത്ത് സ്ഥലത്തില്ലാതിരുന്നവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയെന്നും ഉണ്ണിക്കൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണം കൈവശപ്പെടുത്താന്‍ അവസരമൊരുക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha























