ഏറ്റുമുട്ടൽ ഇന്ത്യയുടെ കാവല്‍ക്കാരനും കോണ്‍ഗ്രസിന്റെ അമരക്കാരനും തമ്മില്‍ ; ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ പോരാട്ടം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിൽ

ഇന്ത്യയുടെ കാവല്‍ക്കാരനും കോണ്‍ഗ്രസിന്റെ അമരക്കാരനും തമ്മില്‍ ഏറ്റുമുട്ടുമെന്നത് ഉറപ്പായി. കഴിഞ്ഞ കുറെക്കായി ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും ഇതുതന്നെയാണ്. ഇനി അറിയേണ്ടത് ജനങ്ങള്‍ ആര്‍ക്കൊപ്പം എന്നതാണെന്നാണ്. എന്തായാലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ പോരാട്ടം രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോദിയും തമ്മിലെന്നുള്ള സൂചനകള്‍ പുറത്തുവരുന്നത്.
ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയും വിജയം നേടുകയുമാണു ലക്ഷ്യം. ഉത്തര്‍പ്രദേശ് തിരിച്ചുപിടിക്കാന്‍ കച്ചകെട്ടിയ പ്രിയങ്ക ഗാന്ധി തുടര്‍ച്ചയായി രണ്ടാം ദിവസവും ഉറക്കമുപേക്ഷിച്ചു പ്രവര്‍ത്തകരുമായി മാരത്തണ്‍ ചര്‍ച്ച നടത്തി. ലക്‌നൗവിലെ റോഡ് ഷോക്കു ശേഷം യുപിയില്‍ തങ്ങിയാണ് പ്രിയങ്ക തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നത്. പരമാവധി പ്രവര്‍ത്തകരെയും പ്രാദേശിക നേതാക്കളെയും നേരില്‍ കാണും. പടിഞ്ഞാറന്‍ യുപിയുടെ ചുമതലയയുള്ള ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും ഒപ്പമുണ്ട്.വ്യാഴാഴ്ച പുലര്‍ച്ചെ 2.30 വരെ പ്രവര്‍ത്തകരെ കാണുന്ന തിരക്കിലായിരുന്നു പ്രിയങ്ക. ബുധനാഴ്ച പുലര്‍ച്ചെ 5.30 വരെ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസമായി തുടര്‍ച്ചയായി 15 മണിക്കൂറിലധികം പ്രിയങ്ക ചര്‍ച്ചകള്‍ക്കായി വിനിയോഗിച്ചു. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള പ്രിയങ്കയ്ക്കു കീഴില്‍ 41 മണ്ഡലങ്ങളാണുള്ളത്.
മാരത്തണ്‍ യോഗത്തെപ്പറ്റി പ്രിയങ്ക മാധ്യമങ്ങളോടു പ്രതികരിച്ചില്ല. എന്നാല്‍, ഇതു ടെസ്റ്റ് മത്സരമാണ് ട്വന്റി20 അല്ല ഭായി എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടത്.11 മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ പ്രിയങ്ക കണ്ടെന്നാണു വിവരം. സംസ്ഥാനത്തെ 80 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കണമെന്ന ആഗ്രഹവും പങ്കുവച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പുര്‍, ഡിയോറിയ, ബന്‍സ്‌ഗോണ്‍ തുടങ്ങിയ മണ്ഡലങ്ങളിലെ സാഹചര്യങ്ങള്‍ പ്രത്യേകം വിലയിരുത്തി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടെങ്കിലും ബിജെപിയുടെ ഉറച്ച കോട്ടയാണു ഗോരഖ്പുര്‍. ഈ മണ്ഡലത്തിന്റെ ചര്‍ച്ചകള്‍ക്കു മാത്രം പ്രിയങ്ക ഒരു മണിക്കൂറോളം മാറ്റിവച്ചു.കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ശേഷം പ്രിയങ്ക ഗാന്ധി മത്സരരംഗത്തുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത്തവണ സോണിയ ഗാന്ധി മാറി നിന്ന് പകരം റായ്ബറേലിയില്‍ പ്രിയങ്ക മത്സരിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മത്സര രംഗത്തേക്ക് താന്‍ ഇല്ലെന്ന് അവര്‍ വ്യക്തമാക്കി. ലഖ്‌നൗ, നെഹ്‌റു പ്രതിനിധാനം ചെയ്തിരുന്ന ഫൂല്‍പൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കണമെന്ന അണികളുടെ ആവശ്യവും പ്രിയങ്ക തളളി. ഉത്തര്‍ പ്രദേശില്‍ പാര്‍ട്ടിയെ ശക്തിപെടുത്തുന്നതില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്ന് അവര്‍ വ്യക്തമാക്കി. ഇതോടെ റായബറേലിയില്‍ സോണിയ തന്നെ ഇത്തവണയും സ്ഥാനാര്‍ത്ഥിയാകുമെന്നുറപ്പായി.താഴെത്തട്ടിലുളള പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ സജീവമാക്കുകയാണ് തന്റെ ദൗത്യം, താന്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ മറ്റ് മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു.
വാരണാസിയില്‍ മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. യുപിയിലെ പല മണ്ഡലങ്ങളിലും പ്രിയങ്കയുടെ പേര് സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് വന്നിരുന്നു.കിഴക്കന്‍ യുപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള ഐഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശം. കോണ്‍ഗ്രസിന്റെ യുപിയിലെ സിറ്റിങ് സീറ്റായ റായബറേലി, അമേത്തി, എന്നിവയും, വാരാണസി, സുല്‍ത്താന്‍പൂര്‍, ഗൊരഖ്പൂര്‍, ഫുല്‍പൂര്‍, അലഹബാദ് തുടങ്ങിയ മണ്ഡലങ്ങളുടെയും ചുമതല പ്രിയങ്കക്കാണ്.യുപിയില്‍ കോണ്‍ഗ്രസിനെ പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും ചേര്‍ന്ന ശക്തിപെടുത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha