ബോളിവുഡിന്റെ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു; സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി!!

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളായ ഇതിഹാസ താരം ധർമേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു അദ്ദേഹത്തിന്. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. മരണം സ്ഥിരീകിരിച്ച് കരൺ ജോഹർ ട്വീറ്റ് ചെയ്‍തു.
അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ധർമ്മേന്ദ്രയുടെ വസതിയിലെത്തി. ഡിസംബർ 8ന് 90ാം ജന്മദിനം ആഘോഷിക്കാനിരിക്കവെയാണ് മരണം സംഭവിച്ചത്. ആറ് പതിറ്റാണ്ടിലേറെ നീണ്ട ചലച്ചിത്ര പാരമ്പര്യം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്റെ വിയോഗം.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഈ മാസം ആദ്യം അദ്ദേഹത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ വ്യാജ മരണവാർത്ത പ്രചരിച്ച വേളയിൽ കുടുംബം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. സംവിധായകൻ കരൺ ജോഹർ അനുശോചന പോസ്റ്റ് രേഖപ്പെടുത്തി.
നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്. ആറ് പതിറ്റാണ്ട് ബോളിവുഡിനെ ത്രസിപ്പിച്ച ധർമേന്ദ്ര മൂന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇവയിൽ പലതും സൂപ്പർ ഹിറ്റുകളാണ്.
ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. 1960-ൽ അരങ്ങേറ്റം കുറിച്ച ധർമേന്ദ്ര വളരെ പെട്ടെന്ന് ഒരു സൂപ്പർസ്റ്റാറായി മാറി. റൊമാന്റിക് നായകൻ മുതൽ കഠിനമായ ആക്ഷൻ രംഗങ്ങൾ വരെയുള്ള വേഷങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം ബഹുമുഖ പ്രതിഭയ്ക്ക് പേരുകേട്ടവനായിരുന്നു.
അദ്ദേഹത്തിന്റെ കരിയറിൽ 300-ലധികം സിനിമകളുണ്ട്, അവയിൽ പലതും ഇന്ന് ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം.
ലുധിയാനയിലെ ഗവൺമെൻ്റ് സീനിയർ സെക്കണ്ടറി സ്കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. 1952ൽ ഫഗ്വാരയിൽ നിന്നും ബിരുദം പൂർത്തിയാക്കി. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമേന്ദ്ര നിലയുറപ്പിച്ചു.
60കളിലും 70കളിലും 80കളിലും ഹിന്ദി സിനിമകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു.
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി. 2012ൽ, ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു.
മുൻ എംപി കൂടിയാണ് ധർമേന്ദ്ര. 1954ൽ ആയിരുന്നു ആദ്യ ഭാര്യയായ പ്രകാശ് കൗറുമായുള്ള വിവാഹം. പിന്നീട് നടി ഹേമമാലിനിയെ വിവാഹം കഴിച്ചു. സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ എന്നിവരാണ് മക്കൾ. അമിതാഭ് ബച്ചന്റെ ചെറുമകൻ അഗസ്ത്യ നന്ദ പ്രധാന വേഷത്തിൽ എത്തുന്ന ഇക്കിസയിലാണ് ധർമേന്ദ്ര ഏറ്റവും ഒടുവിൽ അഭിനയിച്ചത്.
https://www.facebook.com/Malayalivartha























