തമിഴ്നാട്ടിലെ അധോലോക സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന് മൂവാറ്റുപുഴ സ്വദേശിയെ തേടി ചെന്നൈ പോലീസ്

നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന റമീസിന്റെ ബന്ധു പെരുമറ്റം കരിക്കനാക്കുടി അന്‍സിലി(32)നെ തേടി ചെന്നൈ പോലീസെത്തി. തമിഴ്നാട്ടിലെ അധോലോക സംഘവുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് മൂവാറ്റുപുഴ സ്വദേശിയായ യുവാവിനെ തെരഞ്ഞ് ചെന്നൈയില്‍നിന്നുള്ള 20 അംഗ പോലീസ് സംഘമെത്തിയത്. എന്നാല്‍ ലോക്കല്‍ പോലീസിന്റെ നിസഹകരണവും തദ്ദേശവാസികളുടെ എതിര്‍പ്പുംമൂലം ഇയാളെ ചോദ്യം ചെയ്തശേഷം കസ്റ്റഡിയിലെടുക്കാതെ മടങ്ങി.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന തമിഴ്നാട് കേന്ദ്രീകരിച്ച് നടന്ന ബാങ്ക് തട്ടിപ്പ് കേസിലും വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം നേടിയ കേസിലും അറസ്റ്റിലായ പ്രതികളില്‍ ഒരാളുമായി അന്‍സിലിന് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പോലീസെത്തിയത്.
പ്രതികളില്‍ ഒരാളുമായി ഇയാള്‍ നിരന്തരം ഫോണില്‍ ബന്ധിപ്പെട്ടിരുന്നതായും നിലവിലും ബന്ധം തുടരുന്നതായും ചെന്നൈ പോലീസിനു വിവരം ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലായി മൂന്നു ബാങ്കുകളുടെ സര്‍വര്‍ ഹാക്ക് ചെയ്ത് കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതികളില്‍ ഒരാളുമായി യുവാവിനു ബന്ധമുണ്ടെന്നാണു സംശയം.
കേരള ഡി.ജി.പി.ക്ക് തമിഴ്നാട് ഡി.ജി.പി. നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റലിജന്‍സ് വിഭാഗമാണ് യുവാവിനെ കണ്ടെത്തിയത്. എന്നാല്‍ ലോക്കല്‍ പോലീസിന് ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും ലഭിച്ചിരുന്നില്ല. സുപ്രധാന കേസുകളില്‍ സംശയിക്കുന്നവരെ പിടികൂടാനെത്തുമ്പോള്‍ സാധാരണയായി ലോക്കല്‍ പോലീസിനെ അറിയിക്കാറില്ലെന്നും ഉന്നത ഉദ്യോഗസ്ഥരുമായാണ് ബന്ധപ്പെടുകയെന്നും തമിഴ്നാട് പോലീസ് വ്യക്തമാക്കി.
മൂവാറ്റുപുഴ സ്വദേശി അന്‍സിലിനെത്തേടി ചെന്നൈ പോലീസ് സംഘം പെരുമറ്റത്തെത്തിയത്് തിരുവോണനാളില്‍ വൈകിട്ട് നാലോടെയാണ്. ബര്‍മുഡയും കൈലിമുണ്ടും അടക്കം സിവില്‍ വേഷത്തിലെത്തിയ പോലീസ് സംഘത്തിനെ നാട്ടുകാര്‍ തടയുകയായിരുന്നു. നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി. ഇതോടെ ചെന്നൈ പോലീസ് മൂവാറ്റുപുഴ പോലീസിന്റെ സഹായം തേടി. ലോക്കല്‍ പോലീസെത്തിയെങ്കിലും തങ്ങള്‍ക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന കാരണം പറഞ്ഞു മാറിനിന്നു. പിന്നീട് ഉന്നതങ്ങളില്‍നിന്നു നിര്‍ദേശം ലഭിച്ചതോടെയാണ് ചെന്നൈ സംഘത്തെ സഹായിക്കാന്‍ സന്നദ്ധരായത്.
സമീപത്തെ വീടാണ് അന്‍സിലിന്റേത് എന്നുകരുതി ആദ്യം പോലീസ് സംഘം വളഞ്ഞത്. വീട്ടുകാരെ പുറത്തിറക്കി വീട് പരിശോധിക്കുകയും ചെയ്തു. പിന്നീടാണ് ആളുമാറിയതായി ചെന്നൈ സംഘത്തിന് മനസിലായത്. തുടര്‍ന്ന് അന്‍സിലിന്റെ വീട്ടിലെത്തുകയായിരുന്നു. വീട്ടുകാരും സമീപവാസികളും എതിര്‍പ്പു പ്രകടിപ്പിച്ചതിനാല്‍ അന്വേഷണസംഘത്തിന് അകത്തു കടക്കാനായില്ല. ഈ സമയമത്രയും യുവാവ് വീട്ടിലുണ്ടായിരുന്നു. ഇയാള്‍ പുറത്തുപോകാതിരിക്കാന്‍ ചെന്നൈ പോലീസ് വീട് വളഞ്ഞിരുന്നു.
വീടിനുള്ളില്‍ കയറാന്‍ ചെന്നൈ സംഘത്തിനായത് പിന്നീട് ലോക്കല്‍ പോലീസ് സഹകരിച്ചതോടെയാണ്. ഇതിനിടെ നാട്ടിലെ ചില പ്രമുഖര്‍ ചര്‍ച്ചയ്‌ക്കെത്തി. ഇതോടെ ഒരു മണിക്കൂറോളം യുവാവിനെ ചോദ്യം ചെയ്തശേഷം ചെന്നൈ പോലീസ് മടങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
https://www.facebook.com/Malayalivartha

























