പിടിയിലായ മാവോയിസ്റ്റ് സംഘത്തെ കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും, ഡിവൈഎസ്പിമാരായ പി. വാഹിദും സുരേഷും കോയമ്പത്തൂരിലേക്ക് തിരിച്ചു

ഇന്നലെ അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് രൂപേഷിനെയും സംഘത്തെയും കേരളാ പോലീസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനായി ഡിവൈഎസ്പിമാരായ പി. വാഹിദും സുരേഷും കോയമ്പത്തൂരിലേക്ക് തിരിച്ചു. മാവോയിസ്റ്റ് സംഘത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സംഘം ചോദ്യം ചെയ്തു വരികയാണ്. ഉച്ചയ്ക്ക് ശേഷം ഇവരെ കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കും. രൂപേഷിന്റെ ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ചു പേരാണ് പോലീസ് പിടിയിലായത്. ആന്ധ്ര പോലീസ് പിടികൂടിയെന്നാണു റിപ്പോര്‍ട്ട്. ഇവരില്‍ അനൂപ് എന്ന മലയാളിയും കണ്ണന്‍ എന്ന തമിഴ്‌നാട് സ്വദേശിയും വീരമണി എന്ന ഈശ്വറും ഉള്‍പ്പെടുന്നു. കരുമറ്റംപെട്ടി എന്ന സ്ഥലത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഞായറാഴ്ചയാണ് ഇവര്‍ പിടിയിലായതെന്നും ഇന്നലെ രാത്രി വരെ പൊലീസ് ഇക്കാര്യംവെളിപ്പെടുത്താതിരിക്കുകയായിരുന്നെന്നും അറിയുന്നുണ്ട്. രണ്ടാഴ്ച മുന്‍പ് രൂപേഷ് അട്ടപ്പാടിയില്‍ ഒരാളെ സന്ദര്‍ശിച്ചതായി സൂചനയുണ്ട്. അഞ്ചു വര്‍ഷത്തിലേറെയായി പശ്ചിമഘട്ട മലനിരകള്‍ കേന്ദ്രമാക്കി കേരളത്തിലെയും തമിഴ്‌നാട്ടിലെയും സായുധ തീവ്രവാദി സംഘങ്ങള്‍ക്കു നേതൃത്വം നല്‍കിവന്ന രൂപേഷിനായി നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും പൊലീസ് സംഘങ്ങള്‍ വലവിരിച്ചിരുന്നു. ഇക്കാലയളവില്‍ കേരളത്തില്‍ നടന്ന മിക്ക തീവ്രവാദ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തത് നാല്‍പ്പത്തിയഞ്ചുകാരനായ രൂപേഷ് ആണെന്നാണ് നിഗമനം. ആദിവാസികളെ സായുധ കലാപത്തിനു പ്രേരിപ്പിക്കുന്നതായും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്.
ഏതാനും മാസം മുമ്പ് നിലമ്പൂരിലും വയനാട്ടിലും തീവ്രവാദ വിരുദ്ധ സേനയുമായി ഏറ്റുമുട്ടിയതും കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയിലെ ചൂരണി മലയില്‍ പാറമടക്കാരുടെ മണ്ണുമാന്തി കത്തിച്ചതും ഇയാള്‍ ഉള്‍പ്പെട്ട സായുധ സംഘമാണെന്നാണ് പൊലീസ് കരുതുന്നത്. വിലങ്ങാട് മലനിരകളില്‍ തോക്കേന്തി നില്‍ക്കുന്ന രൂപേഷിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നാദാപുരം, വളയം, തൊട്ടില്‍പാലം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇയാള്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റുകള്‍ക്കെതിരെ അഞ്ചു കേസുകള്‍ നിലവിലുണ്ട്. അങ്കമാലിയില്‍ ഒളിവില്‍ താമസിച്ച ആന്ധ്രയില്‍ നിന്നുള്ള തീവ്രവാദി നേതാവ് മല്ലരാജുവിന് ഒളിത്താവളം ഒരുക്കിയതും രൂപേഷ് ആണെന്നാണു പോലീസിന്റെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























