'ഇവിടെ ഒരു പെൺകുട്ടി ഇരിക്കുന്നു..' വയസ്സായ സ്ത്രീയുടെ സംസാരം വിമാന യാത്രക്കാർക്കിടയിൽ ചിരി പടർത്തി; വിമാനയാത്രക്കിടെ സംഭവിച്ചത്, സമൂഹമാധ്യമങ്ങളെ ഒന്ന് ചിരിപ്പിച്ചും അല്പം ചിന്തിപ്പിച്ചുമുള്ള ആ രസകരമായ സംഭവം ഇങ്ങനെ....

ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യുക എന്നത് പലർക്കും സ്വപ്നമാണ്. വിമാനയാത്ര പലരുടെയും ലക്ഷ്യവുമാണ്. പണ്ടൊക്കെ വിമാന യാത്ര നിരക്കുകൾ വളരെ കൂടുതൽ ആയിരുന്നതുകൊണ്ട് തന്നെ ഈ ലക്ഷ്യം വെറും ആഗ്രഹമായി തന്നെ അവശേഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, സാധാരണക്കാരനും പോക്കറ്റ് കീറാതെ വിമാന യാത്ര നടത്താൻ സാധിക്കുന്നതാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ മറ്റേതു മേഖലയെക്കാളും ഏറെ പ്രതിസന്ധി നേരിട്ട വ്യോമഗതാഗതം സാധാരണ നിലയിലേക്ക് എത്തുമ്പോൾ തന്നെ ഏറെ രസകരമായ വാർത്തകളും പുറത്തേക്ക് വരുകയാണ്. സമൂഹമാധ്യമങ്ങളെ ഒന്ന് ചിരിപ്പിച്ചും അല്പം ചിന്തിപ്പിച്ചുമുള്ള ആ രസകരമായ സംഭവം ഇങ്ങനെ....
കഴിഞ്ഞ ദിവസം വിമാനയാത്ര നടത്തിയ അല്പം വയസ്സായ സ്ത്രീക്ക് കോക്ക്പിറ്റ് ഒന്ന് കാണണം എന്ന മോഹമുണ്ടായി. വിമാനത്തിലെ ഉത്തരവാദിത്തപ്പെട്ട വ്യക്തി ഇതനുവദിച്ചതോടെ സ്ത്രീ മുന്നോട്ട് കടന്നു വന്നു കോക്ക്പിറ്റിലേക്ക് തലയിട്ട് നോക്കുകയുണ്ടായി. അതാ, പൈലറ്റിന്റെ സീറ്റിൽ ഒരു സ്ത്രീ. സംശയം തോന്നിയ വയസ്സായ സ്ത്രീ ഉടനെ വിളിച്ചു പറഞ്ഞു 'ഓയ് യഹാൻ തോ ചോരി ബൈത്തി' അതായത് ഇവിടെ ഒരു പെൺകുട്ടി ഇരിക്കുന്നു എന്നതാണ്. വയസ്സായ സ്ത്രീയുടെ സംസാരം വിമാന യാത്രക്കാർക്കിടയിൽ ചിരി പടർത്തിയിരുന്നു.
വിമാനം പറത്തിയിരുന്ന പൈലറ്റ് ഹന ഖാൻ തന്നെയാണ് രസകരമായ മുഹൂർത്തത്തെപ്പറ്റി സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. "ഇന്ന് ദില്ലി-ഗയ-ദില്ലി ഫ്ലൈറ്റിൽ ആയിരുന്നു. ഒരു വൃദ്ധയായ സ്ത്രീയ്ക്ക് കോക്ക്പിറ്റ് കാണണം എന്ന ആഗ്രഹം. എന്നെ കണ്ടപ്പോൾ അവർ ഹരിയാൻവി ശൈലിയിൽ വിളിച്ചു പറഞ്ഞു "ഓയ് യഹാൻ തോ ചോരി ബൈത്തി". ആൾക്കാർക്ക് ചിരി അടക്കാൻ സാധിച്ചില്ല. ഹന ട്വിറ്ററിൽ കുറിക്കുകയുണ്ടായി.
അതോടൊപ്പം തന്നെ 15,000 ത്തിലധികം ലൈക്കുകളും ആയിരത്തോളം റീട്വീറ്റുകളുമായി ഹന ഖാന്റെ പോസ്റ്റ് ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. ഹനയുടെ പോസ്റ്റിന് കീഴെ ധാരാളം പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയത്. "ആ പ്രായമായ സ്ത്രീ തീർച്ചയായും അന്തം വിട്ടുപോയ നിമിഷം അവരുടെ സമുദായത്തിലെ പെൺകുട്ടികളുമായി പങ്കിടും. അത് അവർക്ക് പ്രചോദനമാകുമെന്നതിൽ സംശയമില്ല. തീർച്ചയായും നിങ്ങൾ പലർക്കും പ്രചോദനമാണ്," ഒരു ഒരു ട്വിറ്റർ ഉപഭോക്താവ് കമന്റ് ചെയ്തു. "ജീവിതകാലം മുഴുവൻ സ്ത്രീകളെപ്പറ്റി അവർ കരുതിയിരുന്ന ധാരണയെ തകർക്കാൻ ഇത് സഹായിച്ചുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," എന്നും മറ്റൊരു ട്വിറ്റർ ഉപഭോക്താവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























